സ്വത്ത് തർക്കം; അനന്തരവളുടെ വിവാഹത്തിന് പാലസ് നൽകാതെ ജഗൻ മോഹൻ റെസ്സി: വിവാഹ വേദി മാറ്റിയതായി ശർമിള

അവരാവതി

അമരാവതി: വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയും സഹോദരി വൈ.എസ്. ശർമിളയും തമ്മിൽ സ്വത്തിന്‍റെ പേരിലുള്ള അഭിപ്രായ ഭിന്നതകൾ തുടരുന്നു. ശർമിളയുടെ മകൾ അഞ്ജിലി റെഡ്ഡിയുടെ വിവാഹവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ തർക്കം. നവംബർ 25നാണ് അഞ്ജിലിയുടെ വിവാഹം. തനിക്കു കൂടി അവകാശപ്പെട്ട യെലഹങ്കയിലെ കുടുംബസ്വത്തായ പാലസിൽ വച്ച് മകളുടെ വിവാഹം നടത്താനായിരുന്നു ശർമിളയുടെ നീക്കം. എന്നാൽ ജഗൻ അതിന് അനുമതി നൽകിയില്ല. പാലസിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ജഗൻ ചൂണ്ടിക്കാണിച്ചത്. ഇതേ തുടർന്ന് വിവാഹ വേദി മാറ്റാൻ ശർമിള തീരുമാനിച്ചു.

മകളുടെ വിവാഹം വിവാദങ്ങളും കലഹങ്ങളും ഒഴിവാക്കി നടത്താമെന്നു കരുതുന്നതിനാൽ അഞ്ജിലി റെഡ്ഡിയുടെയും സോമല രഘുറാം റെഡ്ഡിയുടെയും വിവാഹം യെലാഹാങ്കയിൽ ആയിരിക്കില്ല നടത്തുക എന്ന് എക്സിലൂടെ ശർമിള വ്യക്തമാക്കി. അതേ സമയം യെലഹാങ്ക‍യിലെ വസ്തു തനിക്കു കൂടി അവകാശപ്പെട്ടതാണെന്നതിൽ നിന്ന് ശർമിള പിന്മാറിയിട്ടില്ല.

2009ൽ പിതാവ് രാജശേഖര റെഡ്ഡി മരണപ്പെട്ടതിനു ശേഷവും ജഗനും ശർമിളയും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 2019ൽ ജഗൻ ആന്ധ്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിനു ശേഷമാണ് സ്വത്തിനെ ചൊല്ലിയുള്ള കലഹം തുടങ്ങിയത്. തുടർന്നാണ് ശർമിള പാർട്ടി വിട്ടത്.

Tags

Share this story