ജനരോഷം ശക്തം; പെട്രോളിൽ 25% എഥനോൾ കലർത്താനുള്ള നീക്കം കേന്ദ്രം നീട്ടിവെച്ചേക്കും

Petrol

ന്യൂഡൽഹി: പെട്രോളിൽ എഥനോളിന്റെ അളവ് 25 ശതമാനമായി (E25) ഉയർത്താനുള്ള നീക്കത്തിൽ നിന്നും താൽക്കാലികമായി പിന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലുള്ള 20 ശതമാനം എഥനോൾ മിശ്രിതത്തിനെതിരെ (E20) രാജ്യവ്യാപകമായി വാഹന ഉടമകളിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം.

​പെട്രോളിൽ എഥനോൾ കലർത്തുന്നത് വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയ്ക്കുന്നുവെന്നും എഞ്ചിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുവെന്നും കാണിച്ച് നിരവധി പരാതികളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയർന്നത്. കഴിഞ്ഞ ദിവസം ഡൽഹി ജന്തർ മന്തറിലടക്കം ഇതിനെതിരെ വലിയ ജനകീയ പ്രതിഷേധങ്ങൾ നടന്നിരുന്നു. കൂടാതെ, കോടതി മുൻപാകെ ഇത്തരമൊരു നയം വെറുമൊരു 'പരീക്ഷണമാണ്' എന്ന് അറ്റോർണി ജനറൽ പരാമർശിച്ചതും വിവാദങ്ങൾക്ക് വഴിവെച്ചു.

​ഈ പശ്ചാത്തലത്തിൽ, E20 ഇന്ധനത്തിൽ നിന്നും E25 ലേക്കുള്ള മാറ്റം പെട്ടെന്ന് നടപ്പിലാക്കില്ലെന്നും നിലവിലെ വാഹനങ്ങളുടെ സാങ്കേതിക സാഹചര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഘട്ടംഘട്ടമായി മാത്രമേ ഇത് നടപ്പിലാക്കൂ എന്നും മുതിർന്ന സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു. 2023 മാർച്ചിന് മുൻപ് നിർമ്മിച്ച പഴയ വാഹനങ്ങൾക്ക് ഉയർന്ന തോതിലുള്ള എഥനോൾ അടങ്ങിയ ഇന്ധനം ഗുരുതരമായ എഞ്ചിൻ തകരാറുകൾ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. എഥനോളിന് നികുതിയിളവുകൾ പ്രഖ്യാപിച്ച് ഫ്ലെക്സ്-ഫ്യുവൽ (Flex-Fuel) വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് നിലവിൽ സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നത്.

Share this story