തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ടിവികെ സ്ഥാനാർത്ഥിയായി രാഘവ ലോറൻസ്; പ്രചരണങ്ങൾക്ക് മറുപടിയുമായി താരം: ജൂൺ 11-ന് സുപ്രധാന പ്രഖ്യാപനം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുംട ടിവികെ അധ്യക്ഷനുമായ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് രാജിവച്ചതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയാണ്. നിങ്ങളിലൊരാളെ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു തിരുച്ചിയിലെ നന്ദി പ്രസംഗത്തിൽ വിജയ് പറഞ്ഞത്. എന്നാൽ ഇപ്പോൾ തിരുച്ചിയിലെ ടിവികെ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
നടനും സാമൂഹ്യപ്രവർത്തകനുമായ രാഘവ ലോറൻസ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ടിവികെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ വരുന്നത്. ഈ അഭ്യൂഹങ്ങൾ നിലനിർത്തിക്കൊണ്ട് പ്രതികരിച്ചിരിക്കുകയാണ് രാഘവ ലോറൻസ്. നിലവിൽ ലോകേഷിന്റെ ബെൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണെന്നും ജൂൺ 10ന് അത് അവസാനിക്കുമെന്നും ലോറൻസ് പറഞ്ഞു. തുടർന്ന് ജൂൺ 11ന് ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനം അമ്മയുടെ അനുഗ്രഹത്തോടെ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഘവ ലോറൻസിന്റെ പ്രതികരണം...
"തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഞാൻ മത്സരിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യക്തത തേടിക്കൊണ്ട് പല മാധ്യമ സുഹൃത്തുക്കൾ ഫോൺ വഴിയും നേരിൽ കാണാനും ഒക്കെയായി ബന്ധപ്പെടുന്നുണ്ട്. ഈ ചർച്ചകൾ ഇപ്പോൾ എന്നെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നതുകൊണ്ട്, ഈ വിഷയത്തിൽ ഒരു ഔദ്യോഗിക വിശദീകരണം നൽകേണ്ടത് എന്റെ കടമയാണെന്ന്. അതുകൊണ്ടാണ് ഞാൻ ഈ കുറിപ്പ് പങ്കുവെക്കുന്നത്.
ഞാൻ ഇപ്പോൾ എന്റെ പുതിയ ചിത്രമായ 'ബെൻസ്' ന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ഇതിന്റെ ഷെഡ്യൂൾ ജൂൺ 10-ഓടെ അവസാനിക്കും. തുടർന്ന്, എന്റെ അമ്മയുടെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം വരും ജൂൺ 11, വ്യാഴാഴ്ച രാവിലെ 9:30ന് ഞാൻ പ്രഖ്യാപിക്കും."
