രാഹുൽ ഗാന്ധി 'ഗദ്ദാർ' (ദേശദ്രോഹി); ഫ്രാൻസിലെ കലാപത്തിനും ഇന്ത്യയിലെ പ്രതിഷേധങ്ങൾക്കും ബന്ധമെന്ന് ബിജെപി
ന്യൂഡൽഹി: ഫ്രാൻസിലുണ്ടായ വൻ പ്രക്ഷോഭങ്ങൾക്കും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്നും, രാജ്യത്ത് അരാജകത്വവും ഭരണമാറ്റവും (Regime Change) ലക്ഷ്യമിട്ട് വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആരോപിച്ചു ബിജെപി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ 'ഗദ്ദാർ' (ദേശദ്രോഹി) എന്ന് വിശേഷിപ്പിച്ചാണ് ബിജെപി കടുത്ത ആക്രമണം അഴിച്ചുവിട്ടത്.
അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകളെ ആസ്പദമാക്കി ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയാണ് വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അശാന്തിയും അരാജകത്വവും പടർത്താൻ പ്രവർത്തിക്കുന്ന തീവ്ര ഇടതുപക്ഷ-ഇസ്ലാമിക ഗ്രൂപ്പുകളുമായി (Red-Green Ecosystem) കോൺഗ്രസിന് ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഫ്രാൻസിലും ഇന്ത്യയിലുമുൾപ്പെടെ ഒൻപതോളം രാജ്യങ്ങളിൽ ഇത്തരം അനാർക്കിസ്റ്റ് സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ബിജെപിയുടെ വാദം.
"ഇന്ത്യൻ ജനാധിപത്യത്തിന്റെയും നരേന്ദ്ര മോദി സർക്കാരിന്റെയും ശക്തമായ നിലപാടുകൾ കാരണമാണ് രാജ്യത്ത് സമാനമായ അക്രമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത്," ബിജെപി വ്യക്തമാക്കി. പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതും ഇത്തരം സംഘടനകളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
