രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കില്ല

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാടിനു പകരം മറ്റൊരു സുരക്ഷിത മണ്ഡലം തേടുന്നതായി സൂചന. വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും എന്നതിനാലാണ് പുനർവിചിന്തനം. വയനാട്ടിൽ എന്നല്ല, കേരളത്തിൽ എവിടെ മത്സരിച്ചാലും സിപിഎമ്മോ സിപിഐയോ ആകും പ്രധാന എതിരാളികൾ. ബിജെപി നിർണായക ശക്തിയേയല്ലാത്ത സംസ്ഥാനത്ത് ബിജെപി വിരുദ്ധ മുന്നണിയുടെ ദേശീയ നേതാവ് മത്സരിക്കാനിറങ്ങുന്നതിൽ യുക്തിയില്ലെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.

എൽഡിഎഫിൽ സിപിഐക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന മണ്ഡലമാണ് വയനാട്. രാഹുൽ ഇവിടെ മത്സരിക്കുന്നത് തെറ്റായ സൂചനയാണ് നൽകുന്നതെന്ന് എൽഡിഎഫ് നേതാക്കൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ ചൂണ്ടിക്കാട്ടുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുലിന്‍റെ വയനാട്ടിലെ സാന്നിധ്യം കേരളത്തിലെ മറ്റ് സീറ്റുകളിലും സ്വാധീനമുണ്ടാക്കാൻ കോൺഗ്രസിനെ സഹായിക്കുമെന്ന് നേതാക്കൾ കണക്കാക്കിയിരുന്നു. എന്നാൽ, ഇത്തവണ സാഹചര്യത്തിൽ വ്യത്യാസമുണ്ട്.

പ്രതിപക്ഷ ഐക്യം കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകേണ്ടുന്ന സാഹചര്യത്തിൽ, എൽഡിഎഫിനെ തോൽപ്പിക്കാൻ രാഹുൽ കേരളത്തിൽ മത്സരിക്കുന്നു എന്ന പ്രതീതിയുണർത്തുന്നത് ശരിയായ സന്ദേശമായിരിക്കില്ല നൽകുക. ഈ അവസരം ബിജെപി ദേശീയ തലത്തിൽ മുതലെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.

ഇങ്ങനെയൊരു പശ്ചാത്തലത്തിൽ കർണാടകയിലോ തെലങ്കാനയിലോ കോൺഗ്രസിന് ഉറപ്പുള്ള ഒരു സീറ്റിലേക്ക് രാഹുൽ മാറാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ പരാജയപ്പെട്ട ഉത്തർ പ്രദേശിലെ അമേഠിയിൽ ഇത്തവണയും മത്സരിക്കുമോ എന്നു വ്യക്തമല്ല. രാഹിലിനെ അവിടെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനി ഇത്തവണയും മത്സരിക്കാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

അതേസമയം, സോണിയ ഗാന്ധി രാജ്യസഭയിലേക്കു മാറിയ സാഹചര്യത്തിൽ അവരുടെ സ്ഥിരം മണ്ഡലമായിരുന്ന റായ് ബറേലിയിൽ രാഹുൽ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രിയങ്ക ഗാന്ധി മത്സരിക്കാനിറങ്ങുന്നില്ലെങ്കിൽ റായ് ബറേലി തന്നെയാകും രാഹുലിനു സുരക്ഷിതം എന്നാണ് പാർട്ടി ദേശീയ നേതൃത്വം വിലയിരുത്തുന്നത്.

ദേശീയ രാഷ്‌ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഹുലിന്, എംപി എന്ന നിലയിൽ വയനാട് മണ്ഡലത്തിന്‍റെ കാര്യത്തിൽ സജീവമായി ഇടപെടാൻ സാധിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. ദക്ഷിണേന്ത്യയിൽ എവിടെയായാലും സ്ഥിതി ഇതുതന്നെയായിരിക്കും. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തേതിനെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ പാർട്ടി കൂടുതൽ ശക്തിപ്പെട്ടിട്ടുള്ളതായാണ് വിലയിരുത്തൽ. കർണാടകയിലും തെലങ്കാനയിലും അധികാരത്തിലെത്താൻ സാധിച്ചത് ഇതിന്‍റെ തെളിവാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കണം എന്നത് നിർബന്ധവുമല്ല.

Share this story