ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും വിട്ടയച്ചു; മൂന്ന് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ നടപടി
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എംപിമാർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ പൊലീസ് വിട്ടയച്ചു. മൂന്ന് മണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. നേതാക്കൾക്കെതിരെ കേസ് എടുക്കുകയോ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരായ പോലീസ് നടപടിയിലും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചത്. പ്രതിഷേധസ്ഥലത്തുനിന്നും നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മറ്റ് പ്രമുഖ പ്രതിപക്ഷ നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. കസ്റ്റഡിയിലെടുത്ത നേതാക്കളെ പിന്നീട് ഡൽഹിയിലെ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് കേന്ദ്ര സർക്കാർ നിർദേശ പ്രകാരം വിട്ടയച്ചതെന്നാണ് വിവരം.
