രാഹുൽ ഗാന്ധി ഉടൻ തന്നെ ഉദ്ധവ് താക്കറെയെ സന്ദർശിക്കും

National

മുംബൈ: മഹാ വികാസ് അഘാഡി (എം‌വി‌എ) ശക്തിപ്പെടുത്തുന്നതിനും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉടൻ തന്നെ ഉദ്ധവ് താക്കറെയെ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. ബാന്ദ്രയിലെ "മാതോശ്രീ" യിൽ ആയിരിക്കും കൂടിക്കാഴ്‌ചയെന്നാണ് പുറത്തു വരുന്ന വിവരം.

ശിവസേനയുടെ (യുബിടി) എംപി സഞ്ജയ് റാവത്ത് ആണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തു വിട്ടത്‌. പക്ഷേ തീയതി സംബന്ധിച്ച് ഇതുവരെ അറിവായിട്ടില്ല. ഗാന്ധി കുടുംബത്തിലെ ഒരു അംഗം "മാതോശ്രീ" സന്ദർശിക്കുന്നത് ഇതാദ്യമാണ്.വീർ സവർക്കറിനെതിരായ ഗാന്ധിയുടെ പ്രസ്താവനയെ തുടർന്ന് എം വി എ യിൽ ഭിന്നത നില നിന്നിരുന്നു.സവർക്കറിനെതിരെ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഉദ്ധവ് താക്കറെ അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. ഈ പ്രസ്താവന മൂലമാണ്‌ അടുത്തിടെ ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച അത്താഴ വിരുന്ന് ശിവസേന (യുബിടി) ബഹിഷ്കരിക്കാൻ കാരണമായത്.

ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള തന്ത്രങ്ങൾ മെനയാൻ ആണ് ഈ കൂടിക്കാഴ്ചയുടെ അജണ്ട എന്നും പറയപ്പെടുന്നു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സമയവും ദിവസവും തീരുമാനിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തിങ്കളാഴ്ച ഉദ്ധവ് താക്കറെയെ കാണും. നിതീഷ് കുമാർ, തേജസ്വി യാദവ് എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായും മുതിർന്ന എൻസിപി നേതാക്കളുമായും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം ആദ്യം ഡൽഹിയിൽ നടന്ന യോഗത്തിൽ രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും മാതോശ്രീയിലേക്ക് ക്ഷണിച്ചിരുന്നു.

Share this story