രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ; മണിപ്പൂർ മുതൽ മുംബൈ വരെ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ ആരംഭിക്കും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമാണ് ഭാരത് ന്യായ് യാത്ര. മണിപ്പൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര മേഘാലയ, ബീഹാർ അടക്കം 14 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും. 85 ജില്ലകളിലൂടെ സഞ്ചരിച്ച് മുംബൈ വരെയാണ് യാത്ര. പ്രത്യേകം തയ്യാറാക്കിയ ബസിലാകും സഞ്ചാരം. ചില സ്ഥലങ്ങളിൽ കാൽനടയായും സഞ്ചരിക്കും

ജനുവരി 14ന് ആരംഭിക്കുന്ന യാത്ര 6200 കിലോമീറ്റർ സഞ്ചരിച്ച് മാർച്ച് 20ന് അവസാനിക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഇന്ത്യ സഖ്യത്തിലെ കക്ഷികളെയും യാത്രയിൽ പങ്കെടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കെ സി വേണുഗോപാൽ അറിയിച്ചു. മണിപ്പൂരിന്റെ മുറിവ് ഉണക്കുന്നതിന്റെ ഭാഗമായാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
 

Share this story