രാഹുൽ ഗാന്ധിയുടെ സിജെപി പരാമർശം: ഇന്ത്യാ സഖ്യ യോഗത്തിൽ അതൃപ്തി അറിയിച്ച് ഇടത് എംപിമാർ
കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് സിജെപിയായി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഇന്ത്യ സഖ്യ യോഗത്തിൽ ഇടത് എംപിമാർ. ഡൽഹിയിൽ ഇന്ന് ചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് ഇടത് എംപിമാരായ ജോൺ ബ്രിട്ടാസും പി സന്തോഷ് കുമാറും അതൃപ്തി അറിയിച്ചത്
പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യുന്നതിനാണ് ഇന്ത്യ സഖ്യം യോഗം ചേർന്നത്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തന്നെയാണ് ഇടത് എംപിമാർ അതൃപ്തി വ്യക്തമാക്കിയത്. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുന്നതിനിടെ രാഹുൽ ഗാന്ധി ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് സന്തോഷ് കുമാർ പറഞ്ഞു
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഈ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്നാൽ പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപം നൽകാനാണ് യോഗം ചേർന്നതെന്നും മറ്റ് വിഷയങ്ങൽ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും മല്ലികാർജുന ഖാർഗെ പറഞ്ഞു. വിഷയത്തിൽ പിന്നീട് ചർച്ച നടത്താമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു
