രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ഒന്നും ഏറ്റില്ല; ബിഹാറിൽ ദയനീയമായി തകർന്നടിഞ്ഞ് കോൺഗ്രസ്
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി തകർന്നടിഞ്ഞ് കോൺഗ്രസ്. മഹാസഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസ് തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 60 സീറ്റുകളിൽ മത്സരിച്ചെങ്കിലും കേവലം അഞ്ച് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് മുന്നിട്ട് നിൽക്കാനായത്. വെറും പത്ത് ശതമാനം മാത്രമാണ് കൺവേർഷൻ നിരക്ക്
ദേശീയ രാഷ്ട്രീയത്തിലും ബിഹാർ രാഷ്ട്രീയത്തിലും ശക്തികേന്ദ്രമായിരുന്ന കോൺഗ്രസിന്റെ നിഴൽ പോലും ഇത്തവണ കാണാനായില്ല. പല മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പോലും കോൺഗ്രസ് സ്ഥാനാർഥികൾ പിന്തള്ളപ്പെട്ടു. 1990ൽ ജഗനാഥ് മിശ്രയായിരുന്നു ബിഹാറിലെ അവസാനത്തെ കോൺഗ്രസിന്റെ മുഖ്യമന്ത്രി
രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം കോൺഗ്രസ് ക്യാമ്പുകളെ ആവേശത്തിലാക്കിയിരുന്നുവെങ്കിലും വോട്ടാക്കി മാറ്റാൻ അതിന് സാധിച്ചില്ല. എസ് ഐ ആറിനെതിരായ പ്രചാരണമൊക്കെ ജനങ്ങൾ പോലും വിലക്കെടുത്തില്ലെന്നാണ് ഫലം വരുമ്പോൾ മനസിലാകുന്നത്. 2020ൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 27 സീറ്റുകളെങ്കിലും നേടിയിരുന്നു.
