രാജസ്ഥാൻ കോൺഗ്രസിലെ തർക്കം: സച്ചിൻ പൈലറ്റിനെയും ഗെഹ്ലോട്ടിനെയും ഹൈക്കമാൻഡ് താക്കീത് ചെയ്‌തേക്കും

രാജസ്ഥാൻ കോൺഗ്രസ് തർക്കത്തിൽ ഹൈക്കമാൻഡ് ഇന്ന് നിലപാട് വ്യക്തമാക്കും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും, സച്ചിൻ പൈലറ്റിനെയും താക്കീത് ചെയ്ത് എഐസിസി പ്രസ്താവനയിറക്കിയേക്കും. സച്ചിനെതിരെ മാത്രം നടപടി സ്വീകരിക്കുന്നതിനെ ഒരു വിഭാഗം എതിർത്തു.
കർണാടക വോട്ടെടുപ്പിന് മുൻപ് സച്ചിൻ നടത്തിയ വിവാദ വാർത്താ സമ്മേളനം കോൺഗ്രസിന് ക്ഷീണമായിരുന്നു. നടപടിയുണ്ടാകുമോയെന്ന ചോദ്യത്തോട് ഒരു ദിവസം കാത്തിരിക്കൂ എന്നാണ് പാർട്ടി വക്താവ് മനു അഭിഷേക് സിംഗ്‌വി ഇന്നലെ പ്രതികരിച്ചത്. വസുന്ധര രാജെ സിന്ധ്യയെ ആയുധമാക്കി സച്ചിനെതിരെ ആരോപണം ഉന്നയിച്ച് വിവാദത്തിന് തുടക്കമിട്ടത് ഗെഹ്ലോട്ടാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് സച്ചിനെതിരെ മാത്രം നടപടി പാടില്ലെന്നാണ് ഇവർ വാദിക്കുന്നത്.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് ഈ വർഷാവസാനം നടക്കാനിരിക്കേ കടുത്ത നടപടികളിലേക്ക് പോകാനിടയില്ല. പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന നടപടികൾ പാടില്ലെന്ന് നേരത്തെ തന്നെ ഇരുവർക്കും മുന്നറിയിപ്പ് നൽകിയതാണ്. അതുകൊണ്ട് താക്കീത് ആവർത്തിക്കാനാണ് സാധ്യത.