രജൗരി ഭീകരാക്രമണം: ഒരു സൈനികന് കൂടി വീരമൃത്യു, പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു

kashmir

ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ സൈനിക വാഹനങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. 

പരുക്കേറ്റ് രണ്ട് സൈനികർ കൂടി ചികിത്സയിലുണ്ട്. മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. അതിർത്തികളിലടക്കം വാഹന പരിശോധന കർശനമാക്കി. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ രജൗരി-പൂഞ്ച് ജില്ലകളുടെ അതിർത്തിപ്രദേശമായ ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങൾക്ക് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. 

സൈനികർ സഞ്ചരിച്ച ജിപ്‌സിയും മിനി ട്രക്കുമാണ് ആക്രമിക്കപ്പെട്ടത്. ഉടനെ സൈന്യം തിരിച്ചടിച്ചു. ഒരു ഭീകരന് വെടിയേറ്റതായും റിപ്പോർട്ടുകളുണ്ട്. കൂടുതൽ സൈനികർ മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
 

Share this story