രാമക്ഷേത്ര സംഭാവന വിവാദം: അഴിമതിയുടെ നിർണായക രേഖകൾ എസ്‌.ഐ.ടിക്ക് കൈമാറി എ.എ.പി എം.പി സഞ്ജയ് സിങ്

Sanjay

ലക്നൗ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി ഇടപാടുകളിലും ഭക്തരിൽ നിന്ന് ലഭിച്ച സംഭാവനകളിലും കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി (AAP) രാജ്യസഭ എം.പി സഞ്ജയ് സിങ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രേഖകൾ കൈമാറി. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച എസ്‌.ഐ.ടിയുടെ തലവനും ലക്നൗ ഡിവിഷണൽ കമ്മീഷണറുമായ വിജയ് വിശ്വാസ് പന്തിന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം തെളിവുകൾ സമർപ്പിച്ചത്.

​ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 11 നിർണായക രേഖകളാണ് സഞ്ജയ് സിങ് അന്വേഷണസംഘത്തിന് മുൻപാകെ ഹാജരാക്കിയത്. അയോധ്യയിൽ ഭഗവാൻ ശ്രീരാമന്റെ പേരിൽ കോടികളുടെ വൻ അഴിമതിയാണ് നടക്കുന്നതെന്ന് രേഖകൾ കൈമാറിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിപണി വിലയേക്കാൾ പലമടങ്ങ് ഉയർന്ന തുകയ്ക്കാണ് ട്രസ്റ്റ് ഭാരവാഹികൾ ഭൂമി വാങ്ങിയിരിക്കുന്നതെന്നും, വൻതോതിൽ പണം വകമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

​"എല്ലാ തെളിവുകളും ഞാൻ എസ്‌.ഐ.ടിക്ക് കൈമാറിയിട്ടുണ്ട്. കാണിക്ക വഞ്ചിയിൽ നിന്ന് വരെ പണം മോഷ്ടിച്ചതിനും അഴിമതി നടത്തിയതിനും വ്യക്തമായ തെളിവുകളുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാത്തതെന്നും ആരെയും അറസ്റ്റ് ചെയ്യാത്തതെന്നും അത്ഭുതപ്പെടുത്തുന്നു. ഇനി എന്ത് നടപടിയുണ്ടാകുമെന്ന് ആ രാമന് മാത്രമേ അറിയൂ."

സഞ്ജയ് സിങ്, എ.എ.പി എം.പി

​ഭക്തർ സമർപ്പിച്ച വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കാണാതായിട്ടുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്. രാമക്ഷേത്ര സംഭാവനകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന മൂന്നംഗ എസ്‌.ഐ.ടി സംഘം തങ്ങളുടെ പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags

Share this story