രാമക്ഷേത്ര കാണിക്ക തട്ടിപ്പ്: ഒരു പ്രതി മാത്രം 85 തവണ പണം കവർന്നു; സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി എസ്‌ഐടി കുറ്റപത്രം
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ നടന്ന കോടികളുടെ തട്ടിപ്പിൽ നിർണായക തെളിവുകളുമായി പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രതിയായ അവിനാഷ് ശുക്ല എന്നയാൾ മാത്രം കാണിക്ക എണ്ണുന്ന മുറിയിൽ നിന്ന് 85 തവണ പണം മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് എസ്‌ഐടി കുറ്റപത്രത്തിൽ പറയുന്നു.
എട്ട് പ്രതികൾക്കെതിരെ സമർപ്പിച്ച വിശാലമായ കുറ്റപത്രത്തിൽ സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ മൊബൈൽ ചാറ്റുകൾ, കോൾ റെക്കോർഡുകൾ (CDR), ബാങ്ക് ഇടപാടുകൾ എന്നിവയും തെളിവുകളായി ചേർത്തിട്ടുണ്ട്.
കുറ്റപത്രത്തിലെ പ്രധാന വിവരങ്ങൾ:
പങ്കാളിത്തം: പ്രധാന പ്രതി അവിനാഷ് ശുക്ല 85 തവണ നേരിട്ട് പണം കവരുകയും 4 തവണ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു. കരുണേഷ് പാണ്ഡെ 2 തവണ പണം മോഷ്ടിക്കുകയും 68 തവണ സഹപ്രതികളെ സഹായിക്കുകയും ചെയ്തു. മനീഷ് യാദവ് (16 തവണ തട്ടിപ്പ്, 19 തവണ സഹായം), ലവ്കുഷ് മിശ്ര (1 തവണ തട്ടിപ്പ്, 52 തവണ സഹായം), അനുകൽപ് മിശ്ര (56 തവണ സഹായം) എന്നിവരാണ് മറ്റ് പ്രധാന പ്രതികൾ.
തുക വീണ്ടെടുക്കൽ: പ്രതികളിൽ നിന്ന് ഇതുവരെ ഏകദേശം 79.85 ലക്ഷം രൂപയോളം പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ വിദേശ കറൻസികളും സ്വർണ്ണ-വെള്ളി ആഭരണങ്ങളും കണ്ടെടുത്തു.
സ്വത്തുക്കൾ വാങ്ങി കൂട്ടൽ: കാണിക്കപ്പണം ഉപയോഗിച്ച് പ്രതികളും ബന്ധുക്കളും വസ്തുക്കളും വാഹനങ്ങളും വാങ്ങിയതായി അന്വേഷണത്തിൽ തെളിഞ്ഞു. അനുകൽപ് മിശ്രയുടെ പിതാവിന്റെ പേരിൽ 55 ലക്ഷത്തിന്റെ വീടും ലവ്കുഷ് മിശ്രയുടെ ഭാര്യയുടെ പേരിൽ വസ്തുവും വാങ്ങിയതായി കുറ്റപത്രം വ്യക്തമാക്കുന്നു.
തട്ടിപ്പ് പുറത്തറിഞ്ഞത്: കാണിക്ക എണ്ണുന്ന മുറിയിലെ ശുചിമുറിയിൽ നിന്ന് 2.25 ലക്ഷം രൂപ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പരിശോധന ശക്തമാക്കിയതും തട്ടിപ്പ് പുറത്തുവന്നതും.
റിട്ടയേർഡ് ബാങ്ക് ജീവനക്കാരൻ സുഭാഷ് ശ്രീവാസ്തവയുടെ മേൽനോട്ടത്തിലായിരുന്നു കാണിക്ക എണ്ണൽ നടന്നിരുന്നത്. ജീവനക്കാരെ കൃത്യമായി പരിശോധിക്കാതെ മുറിക്കുള്ളിലേക്ക് കടത്തിവിട്ടതാണ് തട്ടിപ്പിന് കളമൊരുക്കിയതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായ് ഉൾപ്പെടെ 98 ഓളം സാക്ഷികളുടെ മൊഴികളും കേസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
