രാമക്ഷേത്ര പണപ്പിരിവ് വിവാദം; ഒടുവിൽ മൗനം വെടിഞ്ഞ് ചമ്പത് റായ്: ഇനി സംസാരിക്കുന്നത് അതിന് ശേഷം മാത്രം

ചമ്പത്ത്

അയോധ്യ: രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവന പെട്ടിയിൽ നിന്ന് പണം തട്ടിയെന്ന ആരോപണത്തിൽ അയോധ്യ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ച വിഎച്ച്പി നേതാവ് ചമ്പത് റായ് ഒടുവിൽ മൗനം വെടിഞ്ഞു. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്തിമ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഉയർന്നുവന്ന എല്ലാ ആരോപണങ്ങൾക്കും കൃത്യമായ മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കൈപ്പടയിലഴുതിയ കത്തിലൂടെയാണ് ചമ്പത് റായ് നിലപാട് വ്യക്തമാക്കിയത്.

​തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ ട്രസ്റ്റിന്റെ നിർദ്ദേശപ്രകാരമാണ് ഇതുവരെ മൗനം പാലിച്ചതെന്ന് അദ്ദേഹം കത്തിൽ പറയുന്നു.

ജൂൺ 6 മുതൽ സംഭാവന പെട്ടിയിലെ പണം എണ്ണുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ എനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചിലർ ഉന്നയിച്ചത്. ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പ്രാഥമിക റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതീവ രഹസ്യസ്വഭാവമുള്ള റിപ്പോർട്ടായിരുന്നു അത്. ഇനി എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ എല്ലാവരും കാത്തിരിക്കണം. അന്വേഷണം പൂർത്തിയാകുമ്പോൾ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്കുള്ള കൃത്യമായ മറുപടി ഞാൻ നൽകും. സത്യം വൈകാതെ പുറത്തുവരും," ചമ്പത് റായ് വ്യക്തമാക്കി.

​തന്റെ പൊതുജീവിതം തുറന്ന പുസ്തകമാണെന്നും 45 വർഷമായി സന്യാസി എന്ന നിലയിലും സംഘടനയുടെ പ്രവർത്തകൻ എന്ന നിലയിലും അയോധ്യയിൽ സേവനം അനുഷ്ഠിക്കുന്ന ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും നൽകിയ രാജി കഴിഞ്ഞ ദിവസം ചേർന്ന ട്രസ്റ്റ് യോഗം ഔദ്യോഗികമായി സ്വീകരിച്ചിരുന്നു. പണം എണ്ണുന്ന റൂമിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് എട്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ട്രസ്റ്റിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിനായി പുതിയ സിഇഒ അടക്കമുള്ള ഭരണപരിഷ്കാരങ്ങളിലേക്ക് കടക്കുകയാണ് നിലവിൽ രാമക്ഷേത്ര ട്രസ്റ്റ്.

Tags

Share this story