രാമക്ഷേത്രത്തിലെ കാണിക്കപ്പണം മോഷണം: കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം, അടിയന്തര നടപടി വേണമെന്ന് ആർ.എസ്.എസ്

RSS

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽ നിന്ന് പണം മോഷണം പോയ സംഭവം അത്യന്തം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കണമെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS) ആവശ്യപ്പെട്ടു.

​സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

​കോടിക്കണക്കിന് രാമഭക്തരുടെ ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായ ക്ഷേത്രത്തിൽ നടന്ന ഈ സംഭവം ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിച്ചതായി ആർ.എസ്.എസ്. വ്യക്തമാക്കി. ക്ഷേത്ര മാനേജ്‌മെന്റിലെയും പ്രവർത്തനങ്ങളിലെയും പോരായ്മകൾ പരിഹരിക്കാൻ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണം. നിലവിലുള്ള ആശയക്കുഴപ്പങ്ങൾക്കും അനിശ്ചിതാവസ്ഥയ്ക്കും എത്രയും വേഗം പരിഹാരം കാണേണ്ടതുണ്ട്.

​അതേസമയം, ഈ നിർഭാഗ്യകരമായ സംഭവത്തെ ചൂഷണം ചെയ്ത് ഹിന്ദുധർമ്മത്തെയും സമൂഹത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന രാജ്യവിരുദ്ധ-ഹിന്ദുവിരുദ്ധ ശക്തികളുടെ ഗൂഢാലോചനകളെ പരാജയപ്പെടുത്താൻ മുഴുവൻ ഹിന്ദു സമൂഹവും ഈ ഘട്ടത്തിൽ ക്ഷമ പാലിക്കണമെന്നും ആർ.എസ്.എസ്. ആഹ്വാനം ചെയ്തു.

Share this story