ജൂൺ 30-ഓടെ ആർബിഐ പേപ്പർ നോട്ടുകൾ പിൻവലിക്കുമെന്ന വാർത്ത വ്യാജം; വിശദീകരണവുമായി പിഐബി ഫാക്ട് ചെക്ക്

Fake

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിലവിലുള്ള പേപ്പർ കറൻസി നോട്ടുകൾ പൂർണ്ണമായി പിൻവലിക്കുമെന്നും, പകരം പ്ലാസ്റ്റിക് നോട്ടുകൾ നിലവിൽ വരുത്തുമെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വസ്തുതാ അന്വേഷണ വിഭാഗമായ പിഐബി ഫാക്ട് ചെക്ക് (PIB Fact Check) വ്യക്തമാക്കി. ജൂൺ 30-ഓടെ പേപ്പർ നോട്ടുകൾ അസാധുവാകുമെന്ന രീതിയിലായിരുന്നു വ്യാജ സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നത്.

​ഇത്തരമൊരു നീക്കത്തെക്കുറിച്ച് റിസർവ് ബാങ്ക് യാതൊരുവിധ പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും നിലവിലുള്ള പേപ്പർ നോട്ടുകൾ നിയമപരമായി തന്നെ വിപണിയിൽ തുടരുമെന്നും പിഐബി അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും വാട്‌സാപ്പിലൂടെയും പ്രചരിക്കുന്ന ഇത്തരം വ്യാജ വീഡിയോകളും സന്ദേശങ്ങളും ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കാൻ ഇടയാക്കുമെന്നും, അതിനാൽ അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ വിശ്വസിക്കുകയോ മറ്റുള്ളവരിലേക്ക് പങ്കുവെക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

​സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (rbi.org.in) മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് പിഐബി ആവശ്യപ്പെട്ടു.

Tags

Share this story