പ്രാണ പ്രതിഷ്ഠയ്ക്ക് സജ്ജം; കനത്ത സുരക്ഷയിൽ അയോധ്യ

അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി രാമക്ഷേത്രം അലങ്കാര വിളക്കുകളും പൂമാലകളും കൊണ്ട് അലങ്കരിച്ചു. മൂന്നു ദിവസത്തിലേറെയായി നൂറുകണക്കിനു സന്നദ്ധ സേവകർ ചേർന്നാണു ക്ഷേത്രത്തിൽ പുഷ്പാലങ്കാരം നടത്തിയത്. നഗരത്തിലെ തെരുവുകളിലും മേൽപ്പാലങ്ങളിലും വൈദ്യുത ദീപാലങ്കാരം ഏർപ്പെടുത്തി. വില്ലുമേന്തി നിൽക്കുന്ന ശ്രീരമന്‍റെ കൂറ്റൻ കട്ടൗട്ടുകൾ നഗരത്തിൽ നിറഞ്ഞു. ശ്രീരാമ സ്തുതികളുടെ ബാനറുകളും ഉയർന്നു. രാമയണത്തിലെ ശ്ലോകങ്ങൾ മുദ്രാവാക്യങ്ങളുടെ രൂപത്തിൽ പോസ്റ്ററുകളിൽ ഇടംപിടിച്ചിട്ടുണ്ട്.

പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ച 16 മുതൽ നഗരത്തിൽ വ്യത്യസ്ത വേദികളിൽ സംസ്കാരിക പരിപാടികൾ തുടരുകയാണ്. അതിനിടെ, ക്ഷേത്രത്തിലേക്കു സമ്മാനങ്ങളും ഒഴുകുന്നു. ശ്രീരാമരൂപമുള്ള മാലകൾ, വളകൾ, മോതിരങ്ങൾ തുടങ്ങിയവയ്ക്കൊപ്പം 56 തരം പാൽപ്പേടകൾ, തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ഓണവില്ല്, നിവേദ്യത്തിനുള്ള അരി, ലഡ്ഡു, പച്ചക്കറികൾ തുടങ്ങി നിരവധി വസ്തുക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര ട്രസ്റ്റിന് വഴിപാടായി ലഭിച്ചത്.

കനൗജിൽ നിന്നുള്ള പ്രത്യേക സുഗന്ധദ്രവ്യങ്ങൾ, അമരാവതിയിൽ നിന്ന് 500 കിലോഗ്രാം കുങ്കുമ ഇലകൾ തുടങ്ങിയവയും ട്രസ്റ്റിന് ലഭിച്ച വസ്തുക്കളിൽ ഉൾപ്പെടുന്നു. രാജ്യത്തിനു പുറത്തു നിന്നും സമ്മാനങ്ങളെത്തിയെന്നു ട്രസ്റ്റ്. സീതാദേവിയുടെ ജന്മഭൂമിയായ നേപ്പാളിലെ ജനക്പുരിയിൽ നിന്ന് 3000 സമ്മാനങ്ങളാണെത്തിയത്. ശ്രീലങ്കയിൽ നിന്നെത്തിയ സംഘം നൽകിയത് "അശോക വനത്തിൽ' നിന്നുള്ള സമ്മാനമാണ്.

സുരക്ഷ അതിശക്തം

പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കാനിരിക്കെ അയോധ്യയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ. കേന്ദ്ര സേനയിൽ നിന്നുൾപ്പെടെ 13000 രക്ഷാസേനാംഗങ്ങളെയാണു നഗരത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ബോംബ് വിരുദ്ധ സ്ക്വാഡിനെയും നിയോഗിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ക്ഷേത്രത്തിനു തൊട്ടടുത്തു തന്നെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ക്യാംപ് സജ്ജമാണ്.

ഇന്നുച്ചയ്ക്ക് 12.20 മുതലാണു പ്രാണ പ്രതിഷ്ഠാചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ 7000ലേറെ പേരാണു പങ്കെടുക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പിന്തുണയുള്ള സിസിടിവി സംവിധാനത്തിന്‍റെ സുരക്ഷയിലാണു നഗരമെന്നു യുപി ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. 10000 സിസിടിവി ക്യാമറകൾ നഗരത്തിലാകെ സ്ഥാപിച്ചിട്ടുണ്ട്. സരയൂ നദിയിൽ മുഴുവൻ സമയവും പൊലീസിന്‍റെ ബോട്ട് പട്രോളിങ് ഏർപ്പെടുത്തി. ലതാ മങ്കേഷ്കർ ചൗക്കിൽ ദ്രുത കർമ സേനയെ വിന്യസിച്ചു. മഹർഷി വാല്മീകി വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സജ്ജം.

നഗരത്തിൽ ഇന്നു പൂർണമായി ഗതാഗത നിരോധനമാണ്. മുൻകൂട്ടി അനുമതി നൽകിയിട്ടുള്ള വിഐപി വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. എല്ലാ നാൽക്കവലകളും ബാരിക്കേഡുകൾ ഉപയോഗിച്ചു തടഞ്ഞു.

ചടങ്ങുകൾക്കെത്തുന്നവർക്ക് നഗരത്തിലേക്കെത്താനും മടങ്ങാനും സൗകര്യത്തിന് 51 കേന്ദ്രങ്ങളിലാണ് പാർക്കിങ് സൗകര്യം. 22825 വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം. ഈ സ്ഥലങ്ങൾ ഉൾപ്പെടെ മുഴുവൻ സമയവും ഡ്രോൺ നിരീക്ഷണത്തിലാണ്.

രാസ, ജൈവ, റേഡിയോളജി, ആണവ ആക്രമണങ്ങൾ തടയാൻ പ്രത്യേക പരിശീലനം നേടിയ എൻഡിആർഎഫ് അംഗങ്ങളെ നഗരത്തിൽ നിയോഗിച്ചു. സരയൂ നദിയിൽ നീന്തൽ- മുങ്ങൽ പരിശീലനം നേടിയവരെ പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്. ഭൂകമ്പം പോലുള്ള സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സംഘവും സ്ഥലത്തുണ്ട്. ഉത്തരേന്ത്യയിൽ കടുത്ത ശൈത്യമാണ്. ഇതു കണക്കിലെടുത്ത് സന്ദർശകർക്ക് അടിയന്തര ചികിത്സയ്ക്കു വിദഗ്ധ സംഘത്തെ എത്തിച്ചു. ആശുപത്രികളിൽ ജാഗ്രത പ്രഖ്യാപിച്ചു. അത്യാഹിതമുണ്ടായാൽ നേരിടാൻ എയിംസിലെ വിദഗ്ധ ഡോക്റ്റർമാരെയും നിയോഗിച്ചു.

ഇതോടനുബന്ധിച്ച് ഡൽഹിയിലും സുരക്ഷ ശക്തമാക്കി. തലസ്ഥാനത്തെ ക്ഷേത്രങ്ങളിൽ സിസിടിവി ക്യാമറാ നിരീക്ഷണം ഏർപ്പെടുത്തി. റിപ്പബ്ലിക് ദിനം കണക്കിലെടുത്ത് തലസ്ഥാനത്ത് 8000 പൊലീസ് സേനാംഗങ്ങളെ നേരത്തേ തന്നെ വിന്യസിച്ചിരുന്നു.

Share this story