ഒടുവിൽ ആശ്വാസം; ദില്ലിയിൽ കാണാതായ മലയാളി വിദ്യാർത്ഥിനി അഫിയയെ കണ്ടെത്തി

Missing

ന്യൂഡൽഹി: ഡൽഹി ഒഖ്‌ലയിലെ താമസസ്ഥലത്തുനിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി വിദ്യാർത്ഥിനി അഫിയ അയ്യൂബിനെ (22) ഒടുവിൽ സുരക്ഷിതമായി കണ്ടെത്തി. ഡൽഹി പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ ഒഖ്‌ലയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വിദ്യാർത്ഥിനിയെ നിലവിൽ ജാമിയ നഗർ പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.

​തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ അഫിയ, ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം.എ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11:30 ഓടെ താമസസ്ഥലത്തിന് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങാനായി പുറത്തുപോയ അഫിയയെ പിന്നീട് കാണാതാവുകയായിരുന്നു. തന്റെ മൊബൈൽ ഫോൺ മുറിയിൽ തന്നെ വെച്ചായിരുന്നു പെൺകുട്ടി പുറത്തേക്ക് പോയത്.

​മണിക്കൂറുകൾ കഴിഞ്ഞിട്ടും അഫിയ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഒപ്പം താമസിക്കുന്ന സഹപാഠികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഫിയയെ കണ്ടെത്താനായത്. പെൺകുട്ടി സുരക്ഷിതയാണെന്ന വിവരം ഡൽഹി പോലീസ് കേരളത്തിലുള്ള ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഫോൺ എടുക്കാതെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതിന്റെ കാരണം വ്യക്തമാവാൻ പോലീസ് വിദ്യാർത്ഥിനിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Tags

Share this story