കുംഭമേള വൈറൽ പെൺകുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി
ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന തീയതിയിൽ മാറ്റം വരുത്തിക്കൊണ്ട് ചീഫ് രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കാണിക്കാൻ ഔദ്യോഗിക രേഖകളിൽ വ്യാജമായി ജനന തീയതി തിരുത്തിയെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്.
രേഖകൾ പ്രകാരം പെൺകുട്ടിയെ പ്രായപൂർത്തിയാകാത്തവളായി ചിത്രീകരിക്കാൻ ശ്രമം നടന്നതായി ആരോപിച്ചാണ് യുവതിയും ഭർത്താവും കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയും കൃത്യമായ തെളിവുകളില്ലാതെയുമാണ് ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തിയതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, അധികൃതരുടെ ഈ ഉത്തരവ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടയിലുള്ള വീഡിയോ വൈറലായതിനെ തുടർന്ന് രാജ്യശ്രദ്ധ നേടിയ താരം, പിന്നീട് വിവാഹിതയായതോടെയാണ് വൻ വിവാദങ്ങളിൽ അകപ്പെട്ടത്. വിവാഹ സമയത്ത് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് ആരോപിച്ച് മധ്യപ്രദേശ് പൊലീസ് കേസെടുക്കുകയും തുടർന്ന് ഇരുവർക്കും നിയമപോരാട്ടങ്ങൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു.
