മോദിക്കെതിരെ മമതയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം; തൃണമൂൽ കോൺഗ്രസ് എംപി ശത്രുഘ്നൻ സിൻഹ

Modi

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എംപി ശത്രുഘ്നൻ സിൻഹ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്തിയത് മംമ്ത ബാനർജിയാണെന്നും 2024ലെ തിരഞ്ഞെടുപ്പിൽ അതിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യയാണ് മമതയെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു. 

"മംമത ബാനർജി ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങി പോരാടുന്നവളാണ്, ഇന്ത്യയിൽ നിലനിക്കുന്ന അരക്ഷിതാവസ്ഥയിൽ രാജ്യത്തെ മുന്നിൽ നിന്ന് നയിക്കാൻ മംമ്തയ്ക്ക് കഴിവുണ്ട്" എന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു.

2024ൽ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ഐക്യം വളരെ പ്രധാനമാണ്. അതിന് കോൺഗ്രസ് മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബീഹാറിൽ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് തേജസ്വി യാദവും നിതീഷ് കുമാറും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, തേജസ്വി യാദവിന് ബീഹാർ മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന് ശത്രുഘ്നൻ സിൻഹ അഭിപ്രായപ്പെട്ടു. തേജസ്വി യാദവ് വളരെ ജനപ്രിയനാണെന്നും യുവതലമുറയ്ക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു. 

ഡൽഹിയിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച ശത്രുഘ്നൻ സിൻഹ, പ്രതിപക്ഷ പാർട്ടികൾക്കെതിരെ ബിജെപി നേരത്തെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചിരുന്നുവെന്നും ഇപ്പോൾ സംസ്ഥാന പോലീസിനെയും ഉപയോഗിക്കുകയാണെന്നും പറഞ്ഞു.

Share this story