തീക്ഷ്ണ പരീക്ഷണമായി 'റീ-നീറ്റ്'; നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്: രാജ്യത്താകെ 22.79 ലക്ഷം വിദ്യാർഥികൾ എഴുതും

Neet UG

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെയും ക്രമക്കേടുകളെയും തുടർന്ന് റദ്ദാക്കിയ ഈ വർഷത്തെ നീറ്റ് യുജി (NEET-UG) മെഡിക്കൽ പ്രവേശന പരീക്ഷ ഇന്ന് വീണ്ടും നടത്തും. രാജ്യത്തിനകത്തും പുറത്തുമായി ആകെ 22.79 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്ന് നടക്കുന്ന പുനഃപരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷാ സമയം.

​കഴിഞ്ഞ മേയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പരീക്ഷ പൂർണ്ണമായി റദ്ദാക്കിയതും ഇന്ന് പുനഃപരീക്ഷ നിശ്ചയിച്ചതും.

​പരീക്ഷാ നടത്തിപ്പിൽ യാതൊരുവിധ വീഴ്ചകളും ഉണ്ടാകാതിരിക്കാൻ രാജ്യവ്യാപകമായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എല്ലാ കേന്ദ്രങ്ങളിലും സുരക്ഷാ പരിശോധനയുടെ ഭാഗമായി മോക് ഡ്രില്ലുകൾ പൂർത്തിയാക്കിയിരുന്നു. കേരളത്തിൽ നിന്നും ഒരു ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്.

​വിദ്യാർഥികൾ എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത പുതിയ അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖകളും പരീക്ഷാ കേന്ദ്രത്തിൽ കരുതേണ്ടതാണ്. പരീക്ഷാ അട്ടിമറികൾ തടയാൻ കർശനമായ പരിശോധനകൾക്ക് ശേഷമേ വിദ്യാർഥികളെ ഹാളിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Tags

Share this story