അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റമെന്ന വാർത്തകൾ അടിസ്ഥാനരഹിതം: ഇന്ത്യൻ സൈന്യം
ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം കടന്നുകയറിയതായും ഇന്ത്യൻ അതിർത്തിക്കുള്ളിൽ സൈനിക ക്യാമ്പുകൾ സ്ഥാപിച്ചതായും ഉള്ള റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ സൈന്യം. ഈ പ്രചാരണങ്ങൾ തികച്ചും തെറ്റാണെന്നും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും സൈന്യം വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു സൈന്യം. പ്രദേശത്തെ 'നാഹ്' (Nah) ഗോത്രസമൂഹത്തെ പ്രതിനിധീകരിക്കുന്ന 'നാഹ് വെൽഫെയർ സൊസൈറ്റി' (NWS) ഉന്നയിച്ച ആശങ്കകളെ തുടർന്നാണ് ഈ മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നത്. ചൈനീസ് സൈന്യം കഴിഞ്ഞ ആറ് വർഷമായി ചില പ്രദേശങ്ങളിൽ സാന്നിധ്യം ശക്തമാക്കുന്നുണ്ടെന്നും, തദ്ദേശവാസികൾക്ക് അവരുടെ പരമ്പരാഗത കൃഷിസ്ഥലങ്ങളിലേക്കും വേട്ടയാടൽ മേഖലകളിലേക്കും പ്രവേശനം തടയുന്നുണ്ടെന്നും കാണിച്ച് സംഘടന ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് (ANI) സംസാരിക്കവെ ഇന്ത്യൻ സൈന്യം വ്യക്തമാക്കി. അതിർത്തി പ്രദേശങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന ഉറപ്പാണ് സൈന്യം നൽകുന്നത്.
