കുട്ടികൾ ഉന്നയിക്കുന്ന ചോദ‍്യങ്ങളോട് ക്ഷമയോടെ പ്രതികരിക്കണം; കേട്ടെഴുത്തല്ല, ചർച്ചയാണ് വേണ്ടതെന്ന് മോഹൻ ഭാഗവത്
ന‍്യൂഡൽഹി: കുട്ടികളുടെ ചോദ‍്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഡൽഹിയിൽ വച്ചു നടന്ന ചടങ്ങിൽ രാജ‍്യത്തെ യുവാക്കളെ പറ്റി സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. കുട്ടികൾ ചോദ‍്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും കേട്ടെഴുത്തല്ല, മറിച്ച് ചർച്ചയാണ് വേണ്ടതെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
കുട്ടികൾ ഉന്നയിക്കുന്ന ചോദ‍്യങ്ങളോട് ക്ഷമയോടെ പ്രതികരിക്കണമെന്നും ആജ്ഞയല്ല സമവായമാണ് വേണ്ടതെന്നും അവരുടെ ചോദ‍്യങ്ങൾക്ക് മറുപടി പറയാൻ നമ്മൾ ബാധ‍്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് വിദ‍്യാർഥികൾ നിരന്തരം ആവശ‍്യം ഉന്നയിച്ചുകൊണ്ടിരിക്കുന്ന സാഹചര‍്യത്തിലാണ് മോഹൻ ഭാഗവത് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. നേരത്തെ ബിജെപി നേതാവ് മുരളി മനോഹർ ജോഷി വിദ‍്യാർഥികളെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
സമരക്കാരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അവർക്ക് നേരെ ബലം പ്രയോഗിക്കരുതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെയാണ് മോഹൻ ഭാഗവത് ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നത്.
