ഇന്ധന വിൽപ്പനയ്ക്ക് നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി വൻകിടക്കാർക്ക് 'ബൾക്ക് പർച്ചേസ്' പാടില്ല: കേന്ദ്ര ഉത്തരവ്

Petrol New

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകളിൽ നിന്ന് വൻതോതിൽ (Bulk) പെട്രോളും ഡീസലും വാങ്ങുന്നതിന് വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, വ്യാവസായിക-വാണിജ്യ ആവശ്യങ്ങൾക്കായി ഇനി മുതൽ റീട്ടെയിൽ പെട്രോൾ പമ്പുകളെ ആശ്രയിക്കാൻ പാടില്ല. പകരം ഇവർ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നോ പ്രത്യേക കൺസ്യൂമർ പമ്പുകളിൽ നിന്നോ നേരിട്ട് ഇന്ധനം കൈപ്പറ്റണം. ആദ്യഘട്ടത്തിൽ 90 ദിവസത്തേക്കാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

​റീട്ടെയിൽ പമ്പുകളിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനും സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുമാണ് ഈ അടിയന്തര നടപടി. പുതിയ നിയമപ്രകാരം റീട്ടെയിൽ പമ്പുകളിൽ നിന്ന് ഒരു ഉപഭോക്താവിനോ വാഹനത്തിനോ ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂ. കൂടാതെ ഇങ്ങനെ വാങ്ങുന്ന ഇന്ധനം മറിച്ചുവിൽക്കാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്.

​നിയന്ത്രണത്തിന് പിന്നിലെ കാരണം

​നിലവിൽ വൻകിട വ്യാപാരികൾക്ക് നൽകുന്ന ബൾക്ക് വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് റീട്ടെയിൽ പമ്പുകളിൽ ഇന്ധനം ലഭിക്കുന്നത്. ഉദാഹരണത്തിന് ഡൽഹിയിൽ പമ്പുകളിൽ ഒരു ലിറ്റർ ഡീസലിന് 95.20 രൂപയുള്ളപ്പോൾ, ബൾക്ക് നിരക്ക് ലിറ്ററിന് 134.50 രൂപയാണ്. ലിറ്ററിന് 39 രൂപയിലധികം വ്യത്യാസമുള്ളതിനാൽ വ്യവസായ സ്ഥാപനങ്ങൾ കൂട്ടത്തോടെ റീട്ടെയിൽ പമ്പുകളെ ആശ്രയിക്കാൻ തുടങ്ങി. ഇത് പലയിടങ്ങളിലും പ്രാദേശിക ഇന്ധനക്ഷാമത്തിനും സാധാരണക്കാർക്ക് ബുദ്ധിമുട്ടിനും കാരണമായതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ.

കർശന നടപടി:

പെട്രോളിയം ആൻഡ് എക്‌സ്പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അംഗീകരിച്ച സുരക്ഷിതമായ കാനുകളിലോ വാഹനങ്ങളുടെ ടാങ്കുകളിലോ മാത്രമേ ഇന്ധനം നൽകാൻ പാടുള്ളൂ. നിയമം ലംഘിക്കുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Tags

Share this story