നേപ്പാളിൽ കലാപകാരികൾ ഹോട്ടലിന് തീയിട്ടു; രക്ഷപ്പെടാൻ ശ്രമിക്കവെ യുപി സ്വദേശിനി മരിച്ചു
Sep 12, 2025, 15:14 IST

നേപ്പാളിൽ ജെൻ സി കലാപത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരി മരിച്ചു. പ്രതിഷേധക്കാർ ഹോട്ടലിന് തീയിട്ടപ്പോൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള 57കാരിക്ക് ജീവൻ നഷ്ടമായത്.
ഈ മാസം ഏഴിനാണ് രജേഷ് ഗോള തന്റെ ഭർത്താവ് രാംവീർ സിംഗ് ഗോളയോടൊപ്പം നേപ്പാളിലേക്ക് പോയത്. സെപ്റ്റംബർ 9ന് ഹയാത്ത് റീജൻസിക്ക് കലാപകാരികൾ തീയിട്ടതോടെ ഇവിടെ താമസിച്ചുവരികയായിരുന്ന ഇരുവരും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുണി കൂട്ടിക്കെട്ടി ജനൽ വഴി താഴേക്ക് ചാടാനായിരുന്നു ശ്രമം
എന്നാൽ രജേഷിന് തുണിയിൽ നിന്നുള്ള പിടിത്തം നഷ്ടമാകുകയും താഴെക്ക് നിലം പതിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ രജേഷിന്റെ മൃതദേഹം ഗാസിയാബാദിൽ എത്തിച്ചു.