അമേഠിയിൽ മത്സരിക്കാനാഗ്രഹമുണ്ടെന്ന് റോബർട്ട് വാദ്ര; ആലോചനയേ ഇല്ലെന്ന് കോൺഗ്രസ്

Gandhi

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അമേഠിയിൽ മത്സരിക്കാനുള്ള താത്പര്യം അറിയിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര. ദീർഘകാലം കോൺഗ്രസിന്‍റെ ഉറച്ച സീറ്റായ അമേഠിയിൽ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ കേരളത്തിലെ വയനാട്ടിൽ മത്സരിക്കാനായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് അമേഠിയിൽ മത്സരിക്കാൻ താത്പര്യമുള്ളതായി റോബർട്ട് വാദ്ര വെളിപ്പെടുത്തിയത്. എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് അമേഠിയിലെ ജനങ്ങൾ കോൺഗ്രസ് സ്ഥാനാർഥിയായി തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് റോബർട്ട് പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പായാലും ലോക്സഭാ തെരഞ്ഞെടുപ്പായാലും ജനങ്ങൾ ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഞാൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നാണ് അവരുടെ ആഗ്രഹം. ഗാന്ധി കുടുംബത്തിന്‍റെ ഒരു ഭാഗമെന്ന നിലയിൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാനെപ്പോഴൊക്കെ രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ അപ്പോഴെല്ലാം പാർട്ടിഭേദമില്ലാതെ ജനങ്ങൾ എന്നോട് രാഷ്ട്രീയത്തിൽ പ്രവേശിക്കുവാൻ വൈകുന്നതിനെക്കുറിച്ച് ചോദിക്കാറുണ്ട്.

ഇനി കോൺഗ്രസിൽ നിന്നല്ലെങ്കിൽ ഞങ്ങളുടെ പാർട്ടിയിൽ ചേർന്ന് മത്സരിക്കൂ എന്നു പോലും പലരും പറഞ്ഞിട്ടുണ്ടെന്ന് വാദ്ര. വർഷങ്ങളോളമായി റായ്ബറേലിയിലും അമേഠിയിലും സുൽത്താൻപുരിലുമെല്ലാം ഗാന്ധി കുടുംബം കഠിനപ്രയത്നം ചെയ്തിട്ടുണ്ട്. അമേഠിയിലെ ജനങ്ങൾ നിലവിലെ എംപി സ്മൃതി ഇറാനിയെക്കൊണ്ട് വലഞ്ഞിരിക്കുകയാണ്. സമൃതി അമേഠിയിൽ വരുന്നതു പോലും അപൂർവമാണ്. കോൺഗ്രസിനെതിരേ അടിസ്ഥാന രഹിതമായ ചോദ്യങ്ങൾ ചോദിക്കാനും ആരോപണങ്ങൾ ഉന്നയിക്കാനും ആണ് സ്മൃതിക്ക് താത്പര്യമെന്നും വാദ്ര ആരോപിച്ചു. തെലങ്കാനയിൽ നിന്നുള്ള ജനങ്ങളും പ്രിയങ്കയോടും തന്നോടും മത്സരിക്കാൻ താത്പര്യപ്പെടാറുണ്ടെന്നും വാദ്ര പറഞ്ഞു. അതേ സമയം അത്തരത്തിലുള്ള ചർച്ചകളെ കോൺഗ്രസ് പാർട്ടി തള്ളി.

അമേഠി സീറ്റിലെ സാധ്യതാ ലിസ്റ്റിൽ റോബർട്ട് ഇല്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ തവണ അമേഠിയിൽ മത്സരിച്ച രാഹുൽ സ്മൃതി ഇറാനിയോട് 55,000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇത്തവണ രാഹുൽ വയനാട്ടിലും അമേഠിയിലും മത്സരിക്കുമെന്നും പ്രിയങ്ക റായ്ബറേലിയിലെ കോൺഗ്രസിന്‍റെ പാരമ്പര്യ സീറ്റിൽ മത്സരിക്കുമെന്നുമായിരുന്നു ഇതു വരെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായി റോബർട്ട് വാദ്ര അമേഠിയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ കോൺഗ്രസ് പ്രതിസന്ധിയിലായേക്കും. വെള്ളിയാഴ്ച നടക്കുന്ന സിഇസി യോഗത്തിൽ ഉത്തർപ്രദേശിലെ സ്ഥാനാർഥിപ്പട്ടിക പൂർത്തിയാക്കിയേക്കുമെന്നാണ് പ്രതീക്ഷ.

Share this story