കുലശേഖരപട്ടണം ബഹിരാകാശ നിലയത്തിൽ നിന്ന് അടുത്ത വർഷം റോക്കറ്റ് വിക്ഷേപണം ആരംഭിക്കും: ഐഎസ്ആർഒ മേധാവി

റോക്കറ്റ്

ചെന്നൈ: തമിഴ്‌നാട്ടിലെ കുലശേഖരപട്ടണം ബഹിരാകാശ നിലയത്തിൽ നിന്ന് അടുത്ത വർഷം റോക്കറ്റ് വിക്ഷേപണം ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. പുതിയ വിക്ഷേപണത്തറയുടെ നിർമാണ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈയിലെ പെരിയാർ സയൻസ് ആൻഡ് ടെക്നോളജി സെന്‍ററിൽ മുൻ സോവിയറ്റ് യൂണിയൻ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട് സർക്കാർ ഏകദേശം 2,300 ഏക്കർ ഭൂമി ഏറ്റെടുത്ത് ഐഎസ്ആർഒയ്ക്ക് കൈമാറിയിട്ടുണ്ട്. അവിടെ എല്ലാ പ്രവർത്തനങ്ങളും വിജയകരമായി പുരോഗമിക്കുകയാണ്. അടുത്ത വർഷം അവിടെ നിന്ന് റോക്കറ്റ് വിക്ഷേപിക്കുമെന്നും നാരായണൻ പറഞ്ഞു.

ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ കുലശേഖരപട്ടണത്തിന് 2024 ഫെബ്രുവരി 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് ഈ തീരദേശ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

1961 ഏപ്രിൽ 12ന് ചരിത്രപരമായ ആദ്യ ബഹിരാകാശ യാത്ര നടത്തിയ യൂറി ഗഗാറിന്‍റെ പൂർണകായ പ്രതിമയാണ് ചടങ്ങിൽ അനാച്ഛാദനം ചെയ്തത്. റഷ്യൻ കോൺസൽ ജനറൽ വലേരി ഖോഡ്ഷേവ്, കേന്ദ്രത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്റ്റർ ഷൺമുഖസുന്ദരം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് റഷ്യ നൽകിവരുന്ന പിന്തുണയെ നാരായണൻ പ്രശംസിച്ചു. പ്രത്യേകിച്ച് ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യത്തിന് റഷ്യയുടെ വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ പദ്ധതിക്ക് നൽകുന്ന പിന്തുണയ്ക്ക് റഷ്യൻ കോൺസൽ ജനറലിനും സംഘത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഗഗാറിന്‍റെ സ്മാരകം വിദ്യാർഥികളിൽ വലിയ ആവേശവും ശാസ്ത്രബോധവും വളർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെയുണ്ടായ ശക്തമായ മഴ മുൻകൂട്ടി പ്രവചിക്കുന്നതിൽ ഐഎസ്ആർഒയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന്, കാലാവസ്ഥാ പ്രവചനത്തിന്‍റെ പ്രധാന ഉത്തരവാദിത്തം ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ കാലാവസ്ഥാ വകുപ്പിനാണെന്ന് നാരായണൻ മറുപടി നൽകി. ഉപഗ്രഹങ്ങൾ വഴി ആവശ്യമായ വിവരങ്ങൾ കൈമാറുകയാണ് ഐഎസ്ആർഒയുടെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിലെ താപനില, ഈർപ്പം എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങൾ കൃത്യമായ കാലാവസ്ഥാ പ്രവചനത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

യൂറി ഗഗാറിന്‍റെ പ്രതിമ അനാച്ഛാദനം ആദ്യ മനുഷ്യ ബഹിരാകാശ യാത്രയുടെ 65-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രതീകാത്മക ചടങ്ങാണെന്ന് റഷ്യൻ കോൺസൽ ജനറൽ വലേരി ഖോഡ്ഷേവ് പറഞ്ഞു. ബഹിരാകാശ ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയുടെയും ഇന്ത്യ-റഷ്യ ബഹിരാകാശ സഹകരണത്തിന്‍റെയും പ്രതിഫലനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവ മേഖലയുൾപ്പെടെ വിവിധ മേഖലകളിലേക്ക് ഇരുരാജ്യങ്ങളുടെയും സഹകരണം വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story