രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിലൂടെ നഷ്ടമായത് 10,319 കോടി രൂപ; തിരിച്ചുപിടിക്കാനായത് 127 കോടി മാത്രം

ന്യൂഡൽഹി: 2021 ഏപ്രിൽ 1 മുതൽ 2023 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ രാജ്യത്ത് നഷ്ടമായത് 10,319 കോടി രൂപ. ഇതിൽ തട്ടിപ്പുകാരിൽ നിന്ന് 1,127 കോടി രൂപയാണ് അന്വേഷണ ഏജൻസികൾക്ക് തിരിച്ചു പിടിക്കാനായത്.

2021 ൽ 36.38 കോടി രൂപയും, 2022 ൽ 169.04 കോടി രൂപയും 2023 ൽ 921.59 കോടി രൂപയുമാണ് തിരിടച്ചുപിടിക്കാനായത്. ഇതിലൂടെ 4.3 ലക്ഷം പേരുടെ പണം സംരക്ഷിക്കാനായെന്ന് ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍റർ സിഇഒ രാജേഷ് കുമാർ പറഞ്ഞു. ദിവസവും ശരാശരി 5000 ത്തിലേറെ പരാതികളാണ് രജിസ്റ്റർ ചെയ്യുന്നത്. മൂന്നുമാസത്തിനിടെ 458 പേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലെ കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് ഒരു ലക്ഷം പേരിൽ ശരാശരി 129 പേർ സൈബർ ക്രൈം പരാതി നൽകുന്നുണ്ട്. കേരളത്തിൽ നിന്ന് 86 പരാതിയാണ് ലഭിച്ചത്. സംസ്ഥാന പൊലീസ് സേനകളുമായി സഹകരിച്ച് ഏഴ് ജോയന്‍റ് സൈബർക്രൈം കേ-ഓർഡിനേഷൻ ടീമുകൾ രൂപവത്കരിച്ചാണ് പ്രവർത്തനം.

2019 ൽ തുടങ്ങിയ സൈബർ ക്രൈം പോർട്ടലിൽ 31 ല‍ക്ഷത്തിലേറെ പരാതികളാണ് ലഭിച്ചിരിക്കുന്നത്. 2019 ൽ 26,049 പരാതി ലഭിച്ചയിടത്ത് 2023 ലത് 15.56 ലക്ഷമായി ഉയർന്നു. സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പരായ 1930 ൽ ദിവസവും അരലക്ഷത്തിലേറെ കോളുകളാണ് വരുന്നത്. സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ 595 മൊബൈൽ ആപ്ലിക്കേഷനുകളും 2,810 വൈബ്സൈറ്റുകളും നിരോധിച്ചു. 2.95 ലക്ഷം സീം കാർഡുകളും ബ്ലോക്ക് ചെയ്തു.

Share this story