1.2 കോടി രൂപ ആകാശത്തേക്ക് പോയി; ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടു
Oct 29, 2025, 11:45 IST
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സർക്കാരിന്റെ നീക്കം പരാജയപ്പെട്ടു. ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് നീക്കം നടത്തിയത്. കാൺപുർ ഐഐടിയുമായി സഹകരിച്ച് വ്യാഴാഴ്ചയാണ് 1.2 കോടി രൂപ മുടക്കി ക്ലൗഡ് സീഡിംഗ് നടത്തിയത്.
ഇത്രയുമധികം തുക ചെലവാക്കിയിട്ടും മഴ പെയ്യാതിരുന്നതോടെ ഡൽഹി സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. അഞ്ച് പരീക്ഷണങ്ങൾക്കായി ആകെ 3.21 കോടി രൂപയാണ് ഡൽഹി സർക്കാർ ഇതിനായി വകയിരുത്തിയത്. ദീപാവലിക്ക് പിന്നാലെ വായുമലിനീകരണം കൂടിയതോടെയാണ് കൃത്രിമ മഴ പെയ്യിക്കാൻ ലക്ഷ്യമിട്ടത്
മേഘങ്ങളിൽ സിൽവർ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങൾ നിക്ഷേപിച്ച് കൃത്രിമമായി മഴ പെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിംഗ്. ചെറു വിമാനം ഉപയോഗിച്ചായിരുന്നു ക്ലൗഡ് സീഡിംഗ് നടത്തിയത്.
