സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; വിവാഹിതയാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണം: വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്
ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ പ്രഖ്യാപനവുമായി നടൻ വിജയ്. തമിഴക വെട്രി കഴകം പാർട്ടി അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസം, കുടുംബം, വനിതാക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്ന് വിജയ് പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനായി സർക്കാർ തലത്തിൽ പ്രത്യേക വകുപ്പുകൾ ഉൾപ്പെടുത്തും. താൻ അവയ്ക്കെല്ലാം മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൃഹനാഥരായ 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകുമെന്നും വിജയ് പ്രഖ്യാപിച്ചു. എന്നാൽ, സംസ്ഥാന- കേന്ദ്ര സർക്കാർ ഉദ്യോഗങ്ങളിൽ ജോലിയിള്ള അംഗം കുടുംബങ്ങളിലുണ്ടെങ്കിൽ അവർക്ക് ആനുകൂല്യം ലഭിക്കില്ല. ഓരോ കുടുംബത്തിനും വർഷത്തിൽ ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും വിജയ് പറഞ്ഞു.
വിവാഹിതയാകുന്ന യുവതികൾക്ക് 8 ഗ്രാം സ്വർണവും സാരിയും നൽകും. അവരുടെ ആഘോഷങ്ങളിൽ സഹോദരന്‍റെ പങ്കായിട്ടാണ് ഇത് നൽകുന്നതെന്നും വിജയ് വ്യക്തമാക്കി.
