കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ 92.35 കോടി; വിവരാവകാശ രേഖ പുറത്ത്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ മോടി പിടിപ്പിക്കാന്‍ ഒരു വര്‍ഷകാലയളവില്‍ ചെലവഴിച്ചത് 92 കോടിയോളം രൂപയെന്ന് വിവരകാശ രേഖ. വസതികള്‍ ഫര്‍ണീഷ് ചെയ്യാനും അറ്റകുറ്റപണികള്‍ നടത്തുന്നതിനുമായി 2025-26കാലയളവില്‍ ചെലവാക്കിയ തുകയുടെ വിവരങ്ങളാണ് പുറത്ത് വന്നത്. 2014-15കാലയളവില്‍ ഇത് 27.47കോടിയായിരുന്നു. വിവരാവകാശ നിയമപ്രകാരം പിടിഐ നല്‍കിയ ചോദ്യങ്ങള്‍ക്കാണ് മറുപടി ലഭിച്ചിരി 2014-15നും 2025-26കാലയളവിനും ഇടയില്‍ സെന്‍ട്രല്‍ പബ്ലിക്ക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് വഴി സര്‍ക്കാര്‍ ചെലവാക്കിയത് 547.68കോടി രൂപയാണ്. 2014 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 2025-26വര്‍ഷമാണ് മോടി പിടിപ്പിക്കലിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത്.
പണപ്പെരുപ്പം, കാലപ്പഴക്കം ചെന്ന ഫര്‍ണീച്ചറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കല്‍ എന്നിവയാണ് ചെലവ് വര്‍ധിക്കാന്‍ കാരണമെന്നാണ് വിശദീകരണം. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ചോര്‍ച്ച, മൂട്ട ശല്യം, കാലപഴക്കം ചെന്ന ഇലക്ട്രിക്ക ഉപകരണങ്ങള്‍, പ്ലംബിങ് പ്രശ്‌നങ്ങള്‍ മറ്റ് അറ്റകുറ്റപ്പണികള്‍ എന്നിവ വലിയ വെല്ലുവിളിയായിരുന്നുവെന്ന് സിപിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞകാലങ്ങളില്‍ പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും പല കെട്ടിടങ്ങളും പുനര്‍നിര്‍മിക്കുകയോ ഇടിച്ചുനിരത്തുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അറ്റകുറ്റപ്പണികള്‍ നടത്തിയതില്‍ എണ്‍പത് മുതല്‍ നൂറു വര്‍ഷം വരെ പഴക്കം ചെന്ന കെട്ടിടങ്ങളുണ്ടെന്നും ചിലതെല്ലാം സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട് അവ എത്രയും വേഗം നവീകരിക്കണമെന്നാണ് അവരുടെ ആവശ്യം . 1912 - 1930 കാലഘട്ടത്തിലാണ് തലസ്ഥാന നഗരമായ ന്യൂഡല്‍ഹിയില്‍ ലൂട്ടിയന്‍സ് ബംഗ്ലാവ് സോണ്‍ നിര്‍മിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമാണ് ഇവ മന്ത്രിമാര്‍ക്കും മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക വസതിയായി അനുവദിച്ചത്. മന്ത്രിമാര്‍ക്ക് പുറമേ എംപിമാര്‍, മുതിര്‍ന്ന ജഡ്ജിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരും ഈ ബംഗ്ലാവ് സോണിലാണ് താമസം.
