ശബരിമല യുവതീപ്രവേശനം: വിധി ഉടനെന്ന് സൂചന

Sabarimala Court

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി ഉടനെന്ന് സൂചന. ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഒമ്പതംഗ ബെഞ്ചിൽ വിധി എഴുതിത്തുടങ്ങിയ ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസം നീണ്ട വാദംകേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് അവർ.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ചാണ് പരിഗണിക്കുന്നത്. കേരള സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഹാജരായത്. ആചാരങ്ങളിൽ കോടതി ഇടപെടൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ വാദം നിർണായകമാണ്. ഒപ്പം ലിംഗസമത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്‍റെ നിലപാടും ചർച്ചയാകും.

നിലവിൽ യുവതീപ്രവേശനത്തെ അനൂകുലിക്കുകയോ എതിർക്കുകയോ ചെയ്യാതെയാണ് സംസ്ഥാന സർക്കാർ വാദങ്ങൾ എഴുതി നൽകിയിരിക്കുന്നത്. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ട്. പക്ഷേ, ഒരു അധികാരവും ഇല്ലെന്ന വാദം നിലനിൽക്കില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

വിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന പരാമർശിച്ചിരുന്നു. ആചാരത്തിന്‍റെ യുക്തി നോക്കിയല്ല വിശ്വാസി അത് പാലിക്കുന്നത്. അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.

കേരളത്തിലെ സമൂഹം ശബരിമലയിലെ ആചാരത്തെ മതത്തിന്‍റെ അവിഭാജ്യ ഘടകമായി അംഗീകരിച്ചിട്ടുണ്ട് എന്ന് മുതിർന്ന അഭിഭാഷകൻ വി. ഗിരി വാദിച്ചു. മതപരമായ ആചാരങ്ങളിൽ കൈകടത്തുന്ന രീതിയിലുള്ള പരിശോധനകൾ കോടതികൾ നടത്തരുതെന്ന് പന്തളം കൊട്ടാരത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സായി ദീപക്ക് വാദം ഉന്നയിച്ചു.

Tags

Share this story