നീലക്കു പകരം കാവി ജഴ്സി; വിമർശനം കടുത്തതോടെ ന്യായീകരണവുമായി ഹോക്കി ഇന്ത്യ
ന്യൂഡൽഹി: അടുത്ത മാസം നടക്കുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ പുരുഷ-വനിത ടീമിന്‍റെ ജഴ്സി കാവി നിറമാക്കിയതിനെതിരെ വിമർശനം കടുത്തതോടെ വിശദീകരണവുമായി ഭരണസമിതിയായ ഹോക്കി ഇന്ത്യ.
ആഗസ്റ്റ് 14 മുതൽ 30 വരെ നെതർലൻഡ്സിലും ബെൽജിയത്തിലുമായാണ് ലോകകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞദിവസം ഹോക്കി ഇന്ത്യ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലാണ് ഐക്കണിക്ക് നീല നിറത്തിൽനിന്ന് കാവിയിലേക്ക് മാറുന്ന വിവരം പുറത്തുവന്നത്. പരമ്പരാഗത നീല നിറത്തിൽനിന്നുള്ള മാറ്റത്തിൽ വലിയ വിമർശനമാണ് ഉയർന്നത്. ഇന്ത്യയുടെ മുൻ ഹോക്കി നായകൻ വിരാൻ റാസ്ക്വിൻഹ നാണക്കേടെന്ന് പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോക്കി ഇന്ത്യക്ക് വിശദീകരണ കുറിപ്പ് പുറത്തിറക്കേണ്ടി വന്നത്.
ടീമിന്‍റെ നീല ജഴ്സിയും കൃത്രിമ ടർഫിന്‍റെ നീല നിറവും തമ്മിലുള്ള സാദൃശ്യം കാരണമാണ് ജഴ്സിയുടെ നിറംമാറ്റുന്നതെന്ന് ഹോക്കി ഇന്ത്യ പറയുന്നു. ‘ടീമിലെ താരങ്ങളുമായും സപ്പോർട്ട് സ്റ്റാഫുമായും നടത്തിയ വിശദ ചർച്ചകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് നിറം മാറ്റാനുള്ള തീരുമാനമെടുത്തത്. സാങ്കേതികപരമായ കാര്യങ്ങളാണ് മുഖ്യമായും പരിഗണിച്ചത്. നിലവിൽ നിലവാരമുള്ള അന്താരാഷ്ട്ര ഹോക്കി ടർഫുകളുടെ നിറമായ നീലയും ടീമിന്‍റെ നീല ജഴ്സിയും തമ്മിൽ സാമ്യമുണ്ട്. ഈ ദൃശ്യ സാമ്യത കളിക്കളത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്’ -ഹോക്കി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. നിരവധി ചർച്ചകൾക്കും കൂടിയാലോചനകൾക്കുംശേഷമാണ് രാജ്യത്തിന്റെ ദേശീയ പതാകയിലുള്ള കാവി നിറം തെരഞ്ഞെടുത്തത്.
മഞ്ഞ അല്ലെങ്കിൽ കാവി പോലുള്ള നിറങ്ങളാണ് ഭൂരിഭാഗംപേരും നിർദേശിച്ചത്. അന്തിമ കൂടിയാലോചനകൾക്കുശേഷമാണ് കാവി നിറം തെരഞ്ഞെടുത്തത്. സാങ്കേതിക്കൊപ്പം തന്നെ ധൈര്യം, ത്യാഗം, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകം എന്നതിനു പുറമെ, നമ്മുടെ ദേശീയ പതാകയിലെ നിറങ്ങളിലൊന്ന് എന്ന നിലയിൽ കാവി നിറത്തിന് വലിയ പ്രധാന്യമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ടീമിന്‍റെ ജഴ്സി നിറം മാറ്റുന്നത് ആദ്യമായല്ല. കൃത്യമായ ഇടവേളകളിൽ ദേശീയ ടീമിന്റെ കിറ്റിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2014ലെ ഹോക്കി ലോകകപ്പിൽ ടീമിന്റെ ജഴ്സി മഞ്ഞ നിറമായിരുന്നു, കൂടാതെ 2018ലെ ഹോക്കി ലോകകപ്പിൽ ആകാശ നീല നിറമായിരുന്നെന്നും അധികൃതർ പറയുന്നു.
കായിക മേഖലയെയും കാവിവത്കരിക്കാനുള്ള നീക്കമാണ് ജഴ്സിയുടെ നിറംമാറ്റമെന്ന് വ്യാപക വിമർശനമുണ്ട്. ലോകകപ്പിൽ ഗ്രൂപ്പ് ‘ഡി’യിലാണ് ഇന്ത്യൻ പുരുഷ ടീം. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് വെയിൽസിനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് കാമ്പയിന് തുടക്കകാമുന്നത്. 17ന് ഇംഗ്ലണ്ടിനെയും 19ന് പരമ്പരാഗത വൈരികളായ പാകിസ്താനെയും നേരിടും. എല്ലാ മത്സരങ്ങളും നെതർലൻഡ്സിലെ അംസ്റ്റൽവീനിലാണ് നടക്കുന്നത്. നാല് ഗ്രൂപ്പുകളിൽനിന്നായി ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും. ഇവിടെ എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും.
