ഒരേ റാങ്ക്, ഒരേ പെൻഷൻ: കുടിശിക വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
Mon, 13 Mar 2023

പ്രതിരോധ സേനകളിൽ നിന്നും വിരമിച്ചവർക്കുള്ള ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതി പ്രകാരമുള്ള കുടിശ്ശിക നൽകാൻ വൈകുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. ഈ മാസം ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നത്. പെൻഷൻ കുടിശ്ശിക നാല് ഗഡുക്കളായി നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ സെക്രട്ടറി ജനുവരിയിൽ ഇറക്കിയ വിജ്ഞാപനം പിൻവലിക്കാനും കോടതി നിർദേശിച്ചു
ഈ വിജ്ഞാപനം സുപ്രീം കോടതി വിധിക്ക് എതിരാണ്. നിയമം കൈയിലെടുക്കാൻ പ്രതിരോധ മന്ത്രാലയം ശ്രമിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കുടിശിക വിതരണം സംബന്ധിച്ച രൂപരേഖ ഒരാഴ്ചക്കുള്ളിൽ കൈമാറാനും കോടതി നിർദേശിച്ചു. മാർച്ച് 15നകം മുഴുവൻ കുടിശികയും നൽകണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.