സഞ്ജയ് ഗാന്ധി, വിജയ് രൂപാണി, വൈഎസ്ആർ,...ഇപ്പോൾ പവാറും; ആകാശദുരന്തത്തിൽ കത്തിയമർന്ന രാഷ്ട്രീയ അതികായൻമാർ
എൻസിപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തിൽ ഇന്ന് കൊല്ലപ്പെട്ടതോടെ മുമ്പ് വിമാനാപകടങ്ങളിൽ മരിച്ച രാഷ്ട്രീയ അതികായൻമാരെയും ഓർക്കുകയാണ് രാജ്യം. സഞ്ജയ് ഗാന്ധിയിൽ തുടങ്ങി ഇന്ന് അജിത് പവാറിൽ വരെ എത്തിനിൽക്കുന്ന പട്ടിക. ആകാശത്ത് വെച്ച് കത്തിയമർന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ സമാനതകളില്ലാത്ത നേതാക്കളാണ്
സഞ്ജയ് ഗാന്ധി
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായ സഞ്ജയ് ഗാന്ധി 1980 ജൂൺ 23നാണ് വിമാനാപകടത്തിൽ മരിക്കുന്നത്. സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം ഡൽഹി ഫ്‌ളൈയിംഗ് ക്ലബിൽ വിമാനം പറത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇത് തകർന്നുവീണത്. അപകടത്തിൽ സഞ്ജയ് മാത്രമാണ് മരിച്ചത്. അക്കാലത്ത് ഇന്ദിരയേക്കാൾ ശക്തനായിട്ടാണ് സഞ്ജയ് ഗാന്ധി അറിയപ്പെട്ടിരുന്നത്
മാധവ് റാവു സിന്ധ്യ
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവ് റാവു സിന്ധ്യയും മൺമറഞ്ഞത് ആകാശദുരന്തത്തിലാണ്. 2001 സെപ്റ്റംബർ 30നാണ് അദ്ദേഹം മരിക്കുന്നത്. യുപിയിലെ കാൺപൂരിലേക്ക് രാഷ്ട്രീയ റാലിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം. മോശം കാലാവസ്ഥയെ തുടർന്ന് മൊയിൻപുരിക്ക് സമീപം ചെറുവിമാനം തകർന്നു വീഴുകയായിരുന്നു.
ജിഎംസി ബാലയോഗി
ലോക്‌സഭാ മുൻ സ്പീക്കറും ടിഡിപി നേതാവുമായിരുന്നു ജിഎംസി ബാലയോഗി. 2002 മാർച്ച് 3നാണ് അദ്ദേഹം വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭീമാവരത്ത് നിന്നും അദ്ദേഹവുമായി പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റർ കൃഷ്ണ ജില്ലയിലെ കൈകാലൂരിന് സമീപം തകർന്നുവീഴുകയായിരുന്നു
സി സാംഗ്മ
മേഘാലയ മന്ത്രിയായിരുന്ന സാംഗ്മ 2004 സെപ്റ്റംബർ 22ന് നടന്ന ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 9 പേരും അപകടത്തിൽ മരിച്ചു. ഗുവാഹത്തിയിൽ നിന്ന് ഷില്ലോംഗിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്
വൈഎസ് രാജശേഖര റെഡ്ഡി
വൈഎസ്ആർ എന്നറിയപ്പെടുന്ന വൈഎസ് രാജശേഖര റെഡ്ഡി ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കെയാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുന്നത്. 2009 സെപ്റ്റംബർ 2നാണ് സംഭവം. മോശം കാലാവസ്ഥയെ തുടർന്ന് നല്ലമല വനത്തിന് സമീപം അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു
ദോർജി ഖണ്ഡു
അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായിരിക്കെയാണ് ദോർജി ഖണ്ഡു ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുന്നത്. തവാങിൽ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രക്കിടെ കമേങ് ജില്ലയിൽ വെച്ച് ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു
വിജയ് രൂപാണി
2025 ജൂൺ 12ന് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിലാണ് ഗുജറാത്ത് മുൻ മുഖ്യമന്ത്രിയായ വിജയ് രൂപാണി കൊല്ലപ്പെടുന്നത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന ഉടൻ വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ ഒരാളായിരുന്നു വിജയ് രൂപാണി
