സൻസദ് ചലോ മാർച്ച്: ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച ബലപ്രയോഗം മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്ന് ആർ.എ.എഫ്; ആഭ്യന്തര അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ

ഡൽഹി

ന്യൂഡൽഹി: പാർലമെന്റിലേക്ക് നടന്ന 'സൻസദ് ചലോ' മാർച്ചിലും ജന്തർ മന്തറിലെ പ്രതിഷേധത്തിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ആർ.എ.എഫ് (Rapid Action Force) സ്വീകരിച്ച നടപടികളും ബലപ്രയോഗവും (Force gradient) നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കോ സേനയുടെ പരിശീലനത്തിനോ അനുയോജ്യമല്ലായിരുന്നുവെന്ന് ആഭ്യന്തര അവലോകന റിപ്പോർട്ട്. പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതുൾപ്പെടെയുള്ള ഗുരുതരമായ വീഴ്ചകളാണ് റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ആഭ്യന്തര അവലോകനത്തിൽ കണ്ടെത്തിയത്.

​പ്രതിഷേധത്തിനിടയിൽ ഉണ്ടായ പെല്ലറ്റ് പ്രയോഗത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ആർ.എ.എഫ് ഇൻസ്പെക്ടർ ജനറൽ (IG) സീമ ധുന്ധിയയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക കണ്ടെത്തലുകളും തിരുത്തൽ നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചത്.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളും നിർദ്ദേശങ്ങളും:

മുൻകൂട്ടിയുള്ള നിർദ്ദേശങ്ങളുടെ കുറവ്: ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് മുൻപ് ഉദ്യോഗസ്ഥർക്ക് കൃത്യമായ തന്ത്രങ്ങളെക്കുറിച്ചോ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചോ ആവശ്യമായ വിവരങ്ങൾ ('ബ്രീഫിംഗ്') നൽകിയിരുന്നില്ലെന്ന് യോഗം വിലയിരുത്തി.

ഘട്ടംഘട്ടമായുള്ള ബലപ്രയോഗം: ഭീഷണിയുടെ സ്വഭാവമനുസരിച്ച് മാത്രം ഘട്ടംഘട്ടമായി (Graded crowd-control measures) ശക്തി ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. മുന്നറിയിപ്പുകൾ നൽകിയ ശേഷം മാത്രം ലാത്തിച്ചാർജ്, കണ്ണീർവാതകം തുടങ്ങിയ അംഗീകൃത മാർഗ്ഗങ്ങൾ സ്വീകരിക്കണം.

പരിശീലനവും സ്ഥലമാറ്റവും: ജമ്മു കശ്മീർ പോലുള്ള സംഘർഷഭരിതമായ പ്രദേശങ്ങളിൽ നിന്ന് അടുത്തിടെ സ്ഥലംമാറി വന്ന ഉദ്യോഗസ്ഥരെ ഡൽഹി പോലെയുള്ള മേഖലകളിൽ പെട്ടെന്ന് ജനക്കൂട്ട നിയന്ത്രണത്തിന് നിയോഗിക്കരുത്. കാരണം, അത്തരം പ്രദേശങ്ങളിലെയും നഗരങ്ങളിലെയും പ്രവർത്തന അന്തരീക്ഷവും സമീപനവും വ്യത്യസ്തമാണ്.

ആയുധങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണം: നിലവിലുള്ള സാഹചര്യത്തിൽ ആന്റി റിയറ്റ് ഗൺ, ഇലക്ട്രിക് ഷോക്ക് വെപ്പൺ, ഇലക്ട്രിക് ഷീൽഡ് തുടങ്ങിയവ തൽക്കാലം ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു.

ആത്മസംയമനം പാലിക്കണം: പ്രകോപനങ്ങൾക്കോ അധിക്ഷേപങ്ങൾക്കോ ഇരയായാലും ആർ.എ.എഫ് ഉദ്യോഗസ്ഥർ പൂർണ്ണമായ ആത്മസംയമനവും പ്രൊഫഷണലിസവും പുലർത്തണമെന്നും വ്യക്തമായ പരിശീലനം ലഭിക്കാത്തവരെ ഇത്തരം ഡ്യൂട്ടികളിൽ നിയോഗിക്കരുതെന്നും ഐ.ജി നിർദ്ദേശിച്ചു.

Tags

Share this story