സത്യനികേതൻ കെട്ടിട ദുരന്തം: അധികൃതർക്ക് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം; അടിയന്തര വാദം കേൾക്കും

Court

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഡൽഹി ഹൈക്കോടതി ഇടപെടുന്നു. സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളെയും നിയമവിരുദ്ധ നിർമാണങ്ങളെയും സംബന്ധിച്ച് കോടതി അടിയന്തര വാദം കേൾക്കാൻ സമ്മതിച്ചു.

​ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള പിജി ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഞായറാഴ്ച ഉച്ചയോടെ പെട്ടെന്ന് നിലംപതിച്ചത്. അപകടത്തിൽ 6 പേർ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. താഴത്തെ നിലയിൽ നിയമവിരുദ്ധമായി നടന്ന നിർമാണ പ്രവർത്തനങ്ങളും അടിത്തറയിലുണ്ടായ ബലക്ഷയവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

​സംഭവത്തിന് പിന്നാലെ ഒളിവിലായ കെട്ടിട ഉടമ ഹരിറാമിനായി ഡൽഹി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എൻ‌ഡി‌ആർ‌എഫ്, ഫയർഫോഴ്‌സ് അടക്കമുള്ള ഏജൻസികളുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. നാല് നിലയ്ക്ക് മുകളിലുള്ള നിയമവിരുദ്ധ നിർമാണങ്ങൾ ഉടനടി മുദ്രവെക്കാൻ (Seal) എം.സി.ഡി (MCD) ഉത്തരവിട്ടിട്ടുണ്ട്. 

Tags

Share this story