കെജ്രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ നടപടി വേണമെന്ന ഇഡി ആവശ്യം സുപ്രിം കോടതി തള്ളി

അരവിന്ദ് കെജ്രിവാളിന്റെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനെതിരെ ഇഡി നൽകിയ അപ്പീൽ പരിഗണിക്കാതെ സുപ്രീം കോടതി. എഎപിക്ക് വോട്ട് ചെയ്താൽ ജയിലിലേക്ക് തിരിച്ചു പോകേണ്ടി വരില്ലെന്ന് കെജ്രിവാളിന്റെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാൽ ജയിലിൽ പോകേണ്ടി വരില്ലെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണെന്നും കേസിനെ പറ്റി പരാമർശിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കെജ്രിവാളിന്റെ പരാമർശത്തിൽ നടപടി വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ അനുമതി നൽകുക വഴി കെജ്രിവാളിന് പ്രത്യേകമായ എന്തെങ്കിലും പരിഗണന നൽകിയിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കോടതി വിധിയെ വിമർശനാത്മകമായി വിലയിരുത്തുന്നത് സ്വാഗതാർഹമാണെന്നും കോടതി പറഞ്ഞു
 

Share this story