ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ താവളം തകർത്ത് സുരക്ഷാ സേന; അഞ്ച് ഐഇഡികൾ കണ്ടെത്തി
May 5, 2025, 15:37 IST

ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ താവളം തകർത്ത് സുരക്ഷാ സേന. പൂഞ്ചിലെ സുരാൻകോട്ട് മേഖലയിലെ താവളമാണ് തകർത്തത്. സ്ഥലത്ത് നിന്ന് അഞ്ച് ഐഇഡികളും സുരക്ഷാ സേന കണ്ടെടുത്തു. കരസേന ഉദ്യോഗസ്ഥരും ജമ്മു കാശ്മീർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒളിസങ്കേതം തകർത്തത്. സംഭവത്തിന് പിന്നാലെ പാക് പോസ്റ്റുകളിൽ നിന്ന് വീണ്ടും വെടിവെപ്പുണ്ടായി. പാക് പ്രകോപനത്തിന് പിന്നാലെ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തി മേഖലയിൽ ശക്തമായ തെരച്ചിലാണ് സൈന്യം നടത്തി വരുന്നത്. സംഭവത്തിൽ എൻഐഎ അന്വേഷണവും പുരോഗമിക്കുകയാണ്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നൂറിലധികം പ്രദേശവാസികളെ എൻഐഎ ചോദ്യം ചെയ്തു. ഭീകരരെ സഹായിച്ചെന്ന് കരുതുന്ന 2800 പേരെ ജമ്മു കാശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.