​14 വർഷത്തിന് മുകളിൽ ജീവപര്യന്തം നിശ്ചയിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ

കോടതി

ന്യൂഡൽഹി: പ്രതികൾക്ക് ഇളവില്ലാതെ 14 വർഷത്തിന് മുകളിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. സ്വാഭാവിക മരണം വരെ തടവ് അനുഭവിക്കണം എന്ന തരത്തിലുള്ള പ്രത്യേക ജീവപര്യന്തം ശിക്ഷകൾ നൽകാൻ ഭരണഘടനാ കോടതികൾക്ക് (സുപ്രീംകോടതി, ഹൈക്കോടതി) മാത്രമേ അധികാരമുള്ളൂവെന്ന് ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീൻ അമാനുള്ള, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

​കർണാടക ഹൈക്കോടതിയുടെ ഒരു വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. സാധാരണയായി ജീവപര്യന്തം തടവ് എന്നാൽ അത് ജീവിതാവസാനം വരെയാണെങ്കിലും, ക്രിമിനൽ നടപടിച്ചട്ടം (CrPC) പ്രകാരം 14 വർഷത്തിന് ശേഷം ശിക്ഷയിൽ ഇളവ് നൽകാൻ സർക്കാരുകൾക്ക് അധികാരമുണ്ട്. എന്നാൽ ചില പ്രത്യേക കേസുകളിൽ ഇത്തരത്തിൽ ഇളവുകൾ നൽകരുതെന്നും മരണം വരെ തടവിൽ കഴിയണമെന്നും വിചാരണ കോടതികൾ വിധിക്കാറുണ്ട്. ഇത്തരം ശിക്ഷകൾ സെഷൻസ് കോടതികളുടെ അധികാര പരിധിയിൽ വരുന്നതല്ലെന്നും, അത് ഭരണഘടനാ കോടതികളുടെ പ്രത്യേക അധികാരമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

​കൊലപാതകക്കേസിൽ പ്രതിക്ക് ഇളവില്ലാത്ത ജീവപര്യന്തം വിധിച്ച വിചാരണക്കോടതി നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തിരുത്തി. പ്രതിക്ക് 14 വർഷത്തിന് ശേഷം ശിക്ഷാ ഇളവിനായി അപേക്ഷിക്കാൻ അർഹതയുണ്ടെന്നും കോടതി വിധിയിൽ വ്യക്തമാക്കി.

Tags

Share this story