എസ്ബിഐക്ക് കനത്ത തിരിച്ചടി: ഹർജി തള്ളി, ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നാളെ കൈമാറണം

supreme court

ഇലക്ടറൽ ബോണ്ട് വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നതിന് ജൂൺ വരെ സാവകാശം തേടിയ എസ് ബി ഐയുടെ ഹർജി സുപ്രിം കോടതി തള്ളി. ജൂൺ 30 വരെ സാവകാശം നൽകാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി നാളെ പ്രവർത്തി സമയം അവസാനിക്കുന്നതിന് മുമ്പ് വിവരങ്ങൾ കൈമാറണമെന്ന് ഉത്തരവിട്ടു

അനുവദിച്ച സമയത്തിനുള്ളിൽ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്ന് സുപ്രിം കോടതിയുടെ ഭരണഘടന ബെഞ്ച് മുന്നറിയിപ്പ് നൽകി. കോടതിയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ മാർച്ച് 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി നിർദേശിച്ചു

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് വിധി. വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോർ ബാങ്കിംഗ് സംവിധാനത്തിൽ ഇല്ലെന്ന് എസ് ബി ഐ പറഞ്ഞു. എന്നാൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടത് ഫെബ്രുവരി 15ന് അല്ലേയെന്നും 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും കോടതി ആരാഞ്ഞു

വാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മുദ്രവെച്ച കവർ കോടതി തുറന്ന് പരിശോധിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിനും തിരിച്ചടിയാണ് കോടതി ഉത്തരവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുന്നതിനായാണ് എസ് ബി ഐ ജൂൺ 30 വരെ സാവകാശം തേടിയിരുന്നത്. ഇതിന് പിന്നിൽ കേന്ദ്രത്തിന്റെ ഇടപെടലാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു
 

Share this story