യോഗി സർക്കാരിന് തിരിച്ചടി; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കനത്ത തിരിച്ചടി. അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
അഭിഷേക് ഉപാധ്യായക്ക് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറിന്റെ പകര്‍പ്പ് എത്രയും വേഗം അദ്ദേഹത്തിന് ലഭ്യമാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിച്ച ശേഷം കേസ് റദ്ദാക്കുന്നതിനോ മറ്റ് ആശ്വാസങ്ങള്‍ക്കോ വേണ്ടി ഹര്‍ജിക്കാരന് അലഹബാദ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
ഗാസിയാബാദില്‍ വെച്ചുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടായിരുന്നു അഭിഷേക് ഉപാധ്യായക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് പതിനെട്ടിന് ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. അഭിഷേക് ഉപാധ്യായയുടെ കാര്‍ ഒരു ബൈക്ക് യാത്രികനെ ഇടിച്ചുവെന്നും അയാള്‍ക്ക് നേരെ അസഭ്യം പറഞ്ഞുവെന്നുമായിരുന്നു എഫ്‌ഐആറില്‍ പറഞ്ഞത്. എന്നാല്‍ ആരോപണം അഭിഷേക് തള്ളിയിരുന്നു. മകളെ സ്‌കൂളില്‍ നിന്ന് തിരികെ കൊണ്ടുവരുമ്പോള്‍ ഒരു ബൈക്ക് യാത്രികൻ തങ്ങളുടെ കാറിന് അടുത്തെത്തി ബഹളംവെയ്ക്കുകയായിരുന്നു എന്നായിരുന്നു അഭിഷേക് പറഞ്ഞത്. മകള്‍ കൂടെ ഉണ്ടായിരുന്നതിനാല്‍ തര്‍ക്കിക്കാന്‍ പോലും നിൽക്കാതെ അവിടെ നിന്ന് മടങ്ങുകയായിരുന്നുവെന്നും അഭിഷേക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേക് കോടതിയെ സമീപിച്ചത്. അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള പുറംലോകത്തെ അറിയിച്ചത് അഭിഷേക് ഉപാധ്യയായിരുന്നു. ഇതിന്റെ പകപോക്കലാണ് കേസ് എന്നായിരുന്നു അഭിഷേക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
