പശ്ചിമ ബംഗാളിലെ താരപീഠിൽ ഹോട്ടലിന് തീപിടിച്ച് ഏഴ് തീർത്ഥാടകർ വെന്തുമരിച്ചു; നിരവധി പേർക്ക് പരിക്ക്
കോൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബിർഭൂം ജില്ലയിലെ താരപീഠിൽ സ്വകാര്യ ഹോട്ടലിന് തീപിടിച്ച് 7 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
താരപീഠ് ക്ഷേത്രത്തിന് സമീപമുള്ള നാല് നില ഹോട്ടലിലെ ഗ്രൗണ്ട് ഫ്ലോറിലാണ് ആദ്യം തീ പടർന്നുപിടിച്ചത്. ഈ സമയം ഹോട്ടലിലുണ്ടായിരുന്ന ഭൂരിഭാഗം തീർത്ഥാടകരും ഉറക്കത്തിലായിരുന്നു. റിസപ്ഷനിൽ പുക ഉയർന്നതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് കൂടുതൽ പേരും മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ ഉടൻ തന്നെ റാംപൂർഹാട്ട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷാപ്പിലെ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് ഹോട്ടൽ അധികൃതർ സംശയം പ്രകടിപ്പിക്കുന്നു. സംഭവം പോലീസ് അന്വേഷിച്ചുവരികയാണ്. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയായതിനാൽ ക്ഷേത്രദർശനത്തിനായി എത്തിയ വലിയ തീർത്ഥാടക സംഘമാണ് ഹോട്ടലിൽ താമസിച്ചിരുന്നത്.
