മലേറിയ പ്രതിരോധ ഗുളിക കഴിച്ച ഏഴുവയസ്സുകാരി മരിച്ചു; 52 പേർ ആശുപത്രിയിൽ
അമരാവതി: ആന്ധ്രാപ്രദേശിൽ മലേറിയ പ്രതിരോധത്തിനായി ആരോഗ്യപ്രവർത്തകർ വിതരണം ചെയ്ത ക്ലോറോക്വിൻ (Chloroquine) ഗുളിക കഴിച്ചതിന് പിന്നാലെ ഏഴുവയസ്സുകാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന 52 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളവരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം നടന്നത്.
രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മാദിവി ജമുന (7) ആണ് മരിച്ചത്. ഗ്രാമത്തിൽ മലേറിയ ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതർ മുന്നൂറോളം പേർ വസിക്കുന്ന ഗ്രാമത്തിലെ 71 പേർക്കാണ് ഗുളിക വിതരണം ചെയ്തത്. ഗുളിക കഴിച്ചതിന് തൊട്ടുപിന്നാലെ കുട്ടിക്കും മറ്റു ചിലർക്കും കടുത്ത അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ഇവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ഭദ്രാചലം സർക്കാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ജമുന മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ കഴിയുന്ന മറ്റു 52 പേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ജില്ലാ കളക്ടർ കെ. ദിനേശ് കുമാർ അറിയിച്ചു.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരുന്നിന്റെ ഗുണനിലവാരക്കുറവാണോ അതോ മറ്റ് പാർശ്വഫലങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പരിശോധിക്കാൻ കാക്കിനട ജനറൽ ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
