ശിഖർ ധവാൻ ഇഡിക്ക് മുന്നിൽ ഹാജരായി

ന്യൂഡൽഹി: ഓൺലൈൻ ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. 1xBet എന്ന ഓൺലൈൻ ബെറ്റിങ് ആപ്പ് പ്രമോട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇ.ഡി ധവാനെ ചോദ്യം ചെയ്തത്.
മണി ലോണ്ടറിംഗ് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ഈ കേസിൽ നേരത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുകൾക്കെതിരെ നടക്കുന്ന വ്യാപകമായ അന്വേഷണത്തിന്റെ ഭാഗമായാണ് താരങ്ങളെ ചോദ്യം ചെയ്യുന്നത്. നിരവധി പ്രമുഖ താരങ്ങളും സിനിമാ മേഖലയിലെ വ്യക്തികളും ഇ.ഡിയുടെ നിരീക്ഷണത്തിലാണ്.
ശിഖർ ധവാനെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പി.എം.എൽ.എ) പ്രകാരമാണ് ചോദ്യം ചെയ്തത്. താരം ഈ ബെറ്റിങ് ആപ്പുമായി എങ്ങനെ ബന്ധപ്പെട്ടു, ലഭിച്ച പണത്തിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങൾ ഇ.ഡി ചോദിച്ചറിഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.