ആപ്പുകളുടെ തട്ടിപ്പിന് പൂട്ട്; സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ ചുമത്തി കേന്ദ്രം

ആപ്പ്

ഓൺലൈനിൽ സാധനങ്ങളോ ടിക്കറ്റോ ഓർഡർ ചെയ്യുമ്പോൾ ഉപഭോക്താക്കളെ അറിയാതെ വഞ്ചിച്ച് പണം തട്ടുന്ന ‘ഡാർക്ക് പാറ്റേൺ’ (Dark Patterns) തന്ത്രങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടി. പ്രമുഖ ഓൺലൈൻ ഡെലിവറി ആപ്പായ സെപ്റ്റോ, ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ, പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ, എഡ്യൂടെക് ഭീമനായ ഫിസിക്സ് വാല തുടങ്ങിയ വമ്പൻ കമ്പനികൾ ഉൾപ്പെടെ 9 ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കായി 20 ലക്ഷത്തോളം രൂപ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) പിഴയിട്ടു. രാജ്യസഭയിലാണ് കേന്ദ്ര സർക്കാർ ഈ സുപ്രധാന വിവരം വെളിപ്പെടുത്തിയത്.

സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കാണിക്കുന്ന തുകയേക്കാൾ കൂടുതൽ പണം പേയ്‌മെന്റ് പേജിൽ എത്തുമ്പോൾ വിവിധ ചാർജുകളുടെ പേരിൽ ഈടാക്കുന്നതും (Drip Pricing), ഉപഭോക്താവ് അറിയാതെ പണം അല്ലെങ്കിൽ മെമ്പർഷിപ്പ് കാർട്ടിലേക്ക് കൂട്ടിച്ചേർക്കുന്നതും (Basket Sneaking) ആയ തന്ത്രങ്ങളാണ് സെപ്റ്റോ ഉപയോഗിച്ചത്. ഇതിനായി സെപ്റ്റോയ്ക്ക് 7 ലക്ഷം രൂപ പിഴ ചുമത്തി. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചാരിറ്റിയിനത്തിൽ 1 രൂപ സ്വയം സെലക്ട് ആയി കിടക്കുന്ന സംവിധാനത്തിനെതിരെയാണ് നടപടി. ഫിസിക്സ് വാല 10 രൂപ സംഭാവന സ്വയം ആഡ് ചെയ്യുന്നതിനും വൈകാരികമായ സന്ദേശങ്ങൾ നൽകുന്നതിനും 5 ലക്ഷം രൂപ പിഴയടച്ചു. ഇൻഡിഗോ ആപ്പിൽ അധിക സേവനങ്ങൾ വേണ്ടെന്ന് വെക്കുമ്പോൾ “ഞാൻ റിസ്ക് എടുക്കാൻ തയ്യാറാണ്” (No I will take risk) എന്ന രീതിയിൽ ഉപഭോക്താവിനെ കുറ്റബോധത്തിലാക്കുന്ന (Confirm Shaming) ഭാഷ ഉപയോഗിച്ചതിനും കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇവർക്ക് പുറമെ ഫസ്റ്റ്ക്രൈ, ഫാം ഈസി, മക്കാഫി, സ്പൈസ് ജെറ്റ്, അനുജ് ജിൻഡാൽ എന്നീ പ്ലാറ്റ്‌ഫോമുകൾക്കും 1 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്. തട്ടിപ്പ് വെളിച്ചത്തായതോടെ തെറ്റായ രീതികൾ അവസാനിപ്പിച്ചതായി പ്രമുഖ കമ്പനികൾ അറിയിച്ചു. 2023-ലെ കേന്ദ്ര ഡാർക്ക് പാറ്റേൺ വിരുദ്ധ മാർഗ്ഗരേഖ പ്രകാരം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇന്റർഫേസ് ഡിസൈനുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഉപഭോക്താക്കൾ നേരിടുന്ന ഇത്തരം കൊള്ളയ്‌ക്കെതിരെ കർശന അന്വേഷണവും നടപടികളും വരും ദിവസങ്ങളിലും തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.

Tags

Share this story