സിം-ബൈൻഡിങ് ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ; ഓൺലൈൻ തട്ടിപ്പും മൊബൈൽ നമ്പറുകളുടെ ദുരുപയോഗവും തടയിടുക ലക്ഷ്യം

Zim Link

ഓൺലൈൻ തട്ടിപ്പുകൾക്കും മൊബൈൽ നമ്പറുകളുടെ ദുരുപയോഗത്തിനും തടയിടാൻ ലക്ഷ്യമിട്ടുള്ള ടെലികോം വകുപ്പിൻ്റെ പുതിയ സിം-ബൈൻഡിങ് ചട്ടങ്ങൾ ഇന്ന് മുതൽ  പ്രാബല്യത്തിൽ. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്ക്  ഈ ചട്ടം ബാധകമാകും. പുതിയ നിയമപ്രകാരം, രജിസ്റ്റർ ചെയ്ത സിം കാർഡ് മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം ആപ്പുകൾ ഇനി പ്രവർത്തിക്കുകയുള്ളൂ. നിലവിൽ ഒ ടി പി വഴി അക്കൗണ്ട് തുടങ്ങിയാൽ സിം മാറ്റിയാലും ആപ്പ് പ്രവർത്തിക്കുമായിരുന്നു. എന്നാൽ ഇനി മുതൽ ഡിവൈസിൽ സിം ഇല്ലെങ്കിൽ അക്കൗണ്ട് ആക്സസ് ചെയ്യാൻ സാധിക്കില്ല. 

നവംബർ 28-ന് പുറത്തിറക്കിയ ഈ ഉത്തരവ് നടപ്പിലാക്കാൻ മെസേജിങ് കമ്പനികൾക്ക് 90 ദിവസത്തെ സാവകാശം നൽകിയിരുന്നു. പുതിയ ചട്ടങ്ങൾ പ്രകാരം ഉപയോക്താക്കളുടെ മെസേജിങ് ആപ്പുകൾ എപ്പോഴും സിം കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കേണ്ടതുണ്ട്.

ഇതിന്റെ ഫലമായി വാട്‌സ്ആപ്പ് വെബ് പോലുള്ള സേവനങ്ങൾ ചുരുങ്ങിയത് ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നാൽ സിം കാർഡ് നിലവിലുള്ള ഡിവൈസുകളിലെ ആപ്പുകൾക്ക് ഈ മാറ്റം ബാധകമായിരിക്കില്ല. യാത്രയിലോ റോമിങ്ങിലോ ആയാലും സിം കാർഡ് ഡിവൈസിൽ ഉണ്ടെങ്കിൽ സേവനങ്ങൾ സുഗമമായി തുടരാമെന്ന് സർക്കാർ അറിയിച്ചു.

Tags

Share this story