​എസ്‌.ഐ.ആർ ക്രമക്കേട്: സംയുക്ത പ്രക്ഷോഭത്തിന് ഇന്ത്യ മുന്നണി; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം

ഇന്ത്യാ സഖ്യം

ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (SIR) ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപക സംയുക്ത പ്രക്ഷോഭത്തിന് രൂപം നൽകാൻ ഇന്ത്യ (INDIA) മുന്നണി നേതാക്കളുടെ യോഗം തീരുമാനിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടാനും അദ്ദേഹത്തെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രമേയം കൊണ്ടു വരാനുമാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.

​മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മമത ബാനർജി എന്നിവരുൾപ്പെടെ മുന്നണിയിലെ പ്രമുഖ നേതാക്കൾ ബുധനാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. എസ്.ഐ.ആർ പ്രക്രിയയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ എതിർപ്പ് പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം സമരം കടുപ്പിക്കുന്നത്.

​രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പ്രക്ഷോഭത്തിന്റെ അന്തിമ രൂപരേഖ ഉടൻ പുറത്തിറക്കും.

Tags

Share this story