സിസോദിയയെ പാർപ്പിച്ചിരിക്കുന്നത് ഭീകരരായ തടവുകാർക്കിടയിൽ; ജയിലിൽ ബിജെപി കൊലപാതകം ആസൂത്രണം ചെയ്യുന്നതായി എഎപി

AAP

ഡൽഹിയിലെ മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ രാഷ്ട്രീയ സംഘർഷാവസ്ഥയിലാണ് തലസ്ഥാനം. രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി എഎപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ സിസോദിയയെ തിഹാർ ജയിലിൽ ഭീകരരായ തടവുകാർക്കിടയിൽ പാർപ്പിച്ചിരിക്കുന്നതിനെതിരെ ആം ആദ്മി പാർട്ടി എംഎൽഎ സൗരഭ് ഭരദ്വാജ് രംഗത്തെത്തി.

"തിഹാർ ജയിലിലെ ഒന്നാം നമ്പർ ജയിലിലാണ് സിസോദിയയെ പാർപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും അപകടകാരികളായ പ്രതികളെയാണ് ഈ സെല്ലിൽ പാർപ്പിക്കുന്നത്. രാഷ്ട്രീയ കേസിൽ വിചാരണ നേരിടുന്ന വ്യക്തിയെ ആദ്യമായാണ് ഇത്തരം തടവുകാർക്കിടയിൽ പാർപ്പിക്കുന്നത്. ഇതിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ ഗൂഡാലോചന വ്യക്തമാണ്. ജയിലിൽ സിസോദിയയുടെ ജീവൻ പോലും അപകടത്തിലാണ്" സൗരഭ് ഭരദ്വാജ് പറഞ്ഞു.

ബിജെപിയുടെ രാഷ്ട്രീയ എതിരാളികളാണ് തങ്ങളെന്നും, ഡൽഹിയിൽ എഎപി യെ തോൽപ്പിക്കാൻ ബിജെപിക്ക് സാധിക്കാത്തതിന്റെ വൈരാഗ്യമാണ് പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന ഉന്നത നേതാക്കളെ കൊല്ലുന്നിടം വരെ എത്തിയിരിക്കുകയാണ്. ഇത് അപകടകരമായ സൂചനയാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുലർത്തുന്ന നിശബ്ദതയിൽ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഎപി എംപി സഞ്ജയ് സിംഗും പ്രതിഷേധവുമായി രംഗത്തെത്തി തലയും വാലുമില്ലാത്ത കേസാണ് ഡൽഹി മദ്യനയ കേസ്. കുറ്റാരോപിതനായ മനീഷ് സിസോദിയയുടെ വീട്ടിലും ഗ്രാമത്തിലും ബാങ്കിലും റെയ്ഡ് നടത്തിയെങ്കിലും തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. കേസിൽ സമർപ്പിച്ച രണ്ട് കുറ്റപത്രങ്ങളിലും മനീഷ് സിസോദിയയുടെ പേരില്ല. എന്നാൽ അദ്ദേഹത്തെ പ്രധാന ഗൂഢാലോചനക്കാരനാക്കി അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഭീകരരായ തടവുകാർക്കിടയിലാണ് മനീഷ് സിസോദിയയെ പാർപ്പിച്ചിരിക്കുന്നത്. ഇത് ഗൂഡാലോചനയുടെ ഭാഗമാണ്.

അതേസമയം കർണാടകയിൽ ബിജെപി എംഎൽ എ യുടെ മകന്റെ വീട്ടിൽ നിന്ന് എട്ട് കോടി കൈക്കൂലിപ്പണം കണ്ടെത്തിയതിൽ അന്വേഷണമില്ല. കേസിൽ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. കേസ് പുറംലോകം അറിയാതിരിക്കാൻ പൂർണ പിന്തുണയാണ് കേന്ദ്രം നൽകുന്നത്. രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസിയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story